ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ് അന്തരിച്ചു
text_fieldsഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീർഭദ്ര സിങ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്ദിര ഗാന്ധി മെഡിക്കൽ കോളജിൽ രാവിലെ 3.40ഒാടെയാണ് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിെൻറ അന്ത്യം.
തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതോടെ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നതായി ഡോ. ജനക് രാജ് പറഞ്ഞു.
ബുധനാഴ്ച ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് വീർഭദ്രയെ വെൻറിലേറ്റിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ഒമ്പതുതവണ എം.എൽ.എയും അഞ്ചുതവണ എം.പിയുമായിരുന്നു അദ്ദേഹം. കൂടാതെ ആറുതവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുകയും ചെയ്തിരുന്നു. കൂടാതെ കേന്ദ്ര ഉപമന്ത്രിയുമായിരുന്നു.
ജൂൺ 11ന് വീർഭദ്രക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രണ്ടുമാസത്തിനിടെ രണ്ടാമതും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തേ ഏപ്രിൽ 12ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് അദ്ദേഹത്തെ ഛണ്ഡീഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 30ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാൽ വീട്ടിലെത്തി മണിക്കൂറുകൾക്കകം നെഞ്ചുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ദിര ഗാന്ധി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്നുമുതൽ അദ്ദേഹം അവിടെ ചികിത്സയിലായിരുന്നു.
മുൻ എം.പി കൂടിയായ പ്രതിഭ സിങ്ങാണ് ഭാര്യ. എം.എൽ.എയായ വിക്രമാദിത്യ സിങ്ങാണ് മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.