എൻ.എസ്.ഇ മുൻ ഓഫിസർ ആനന്ദ് സുബ്രമണ്യൻ അറസ്റ്റിൽ
text_fieldsമുംബൈ-ചെന്നൈ: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) മുൻ ഗ്രൂപ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രമണ്യനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ച ചെന്നൈയിലെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണ നടത്തിയ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുംബൈയിൽനിന്നുള്ള സി.ബി.ഐ സംഘം ഇദ്ദേഹത്തെ മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു.
ആനന്ദ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. ചെന്നൈയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ആനന്ദിനെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കി. ആനന്ദിന്റെ വസതിയിൽനിന്ന് നിരവധി ഡിജിറ്റൽ രേഖകൾ കണ്ടെടുത്തതായും ഇയാളെ ഉടനടി ഡൽഹിയിലെ കോടതിയിൽ ഹാജരാക്കുമെന്നും സി.ബി.ഐ അറിയിച്ചു.
ഹിമാലയത്തിൽ താമസിക്കുന്ന 'യോഗി'യുടെ നിർദേശാനുസരണമാണ് ആനന്ദ് സുബ്രമണ്യനെ, ചിത്ര രാമകൃഷ്ണ 2013ൽ എൻ.എസ്.ഇ ചീഫ് സ്ട്രാറ്റജിക് ഓഫിസറായും തുടർന്ന് 2015ൽ ജി.ഒ.ഒയായും നിയമിച്ചതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കമ്പനി ആക്ട് ലംഘിച്ച് നോമിനേഷൻ ആൻഡ് റെമ്യൂനറേഷൻ കമ്മിറ്റി അറിയാതെയായിരുന്ന നിയമനം.
ഇ-മെയിലുകൾ വഴി ചിത്ര ഉപദേശങ്ങൾ തേടിയ ഹിമാലയൻ സന്യാസി ആനന്ദ് തന്നെയാണെന്നും റിപ്പോർട്ടുണ്ട്. എൻ.എസ്.ഇ നൽകിയ ഫോറൻസിക് റിപ്പോർട്ട് ദുരൂഹ സന്യാസി ആനന്ദാണെന്ന് പറയുന്നു. ആനന്ദിന് പുറമെ ഭാര്യയെയും ചിത്ര എൻ.എസ്.ഇ ചെന്നൈ മേഖലയിൽ കൺസൽട്ടന്റായി നിയമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.