അതാണീ കൈക്കൂലി; ഗൗതം അദാനിയെ കുടുക്കിയ കൈക്കൂലി വിവാദം ഇങ്ങനെ
text_fieldsന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറന്റിലേക്ക് നയിച്ച കുറ്റകൃത്യം എന്തെന്ന് യു.എസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട 2029 കോടി രൂപയുടെ കൈക്കൂലിയാണ് കോടതി നടപടികൾക്കും വാറന്റിനും കാരണമായത്.
തുടക്കം ഒരു കരാറിൽ
2020ന്റെ തുടക്കത്തിൽ കേന്ദ്ര സർക്കാറിന് കീഴിലുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.സി.ഐ) 12 ജിഗാവാട്ടിെന്റ സൗരോർജ പദ്ധതി അദാനി ഗ്രീൻ എനർജിക്കും മറ്റൊരു കമ്പനിയായ അഷർ പവർ ഗ്ലോബലിനും നൽകി. അദാനി ഗ്രീനിന് എട്ട് ജിഗാ വാട്സിെന്റയും അഷറിന് നാല് ജിഗാ വാട്സിെന്റയും കരാറാണ് ലഭിച്ചത്. പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി എസ്.ഇ.സി.ഐ വാങ്ങുമെന്നായിരുന്നു ധാരണ. 20 വർഷം കൊണ്ട് 16800 കോടി രൂപയോളം ലാഭം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കരാർ ഏറ്റെടുത്തത്. എന്നാൽ, വൈദ്യുതിക്ക് നിശ്ചയിച്ച വില കൂടുതലായതിനാൽ സംസ്ഥാനങ്ങൾ വാങ്ങാൻ തയാറായില്ല. ഇതോടെ, എസ്.ഇ.സി.ഐക്ക് അദാനി ഗ്രീൻ എനർജി, അഷർ പവർ എന്നിവയുമായി വൈദ്യുതി വാങ്ങൽ കരാർ ഒപ്പുവെക്കാൻ സാധിച്ചില്ല.
സ്വാധീനിക്കാൻ കൈക്കൂലി
അദാനിയുടെ സഹോദര പുത്രനും അദാനി ഗ്രീൻ എനർജി എക്സിക്യൂട്ടിവ് ഡയറക്ടറുമായ സാഗർ അദാനിയും അന്നത്തെ അഷർ സി.ഇ.ഒ രഞ്ജിത് ഗുപ്തയും ഇക്കാര്യം ചർച്ച ചെയ്തു. തുടർന്ന് കൈക്കൂലി നൽകുന്ന കാര്യം വാട്സ്ആപ്പിലെ രഹസ്യ സന്ദേശത്തിലൂടെ സൂചിപ്പിച്ചു. സംസ്ഥാനങ്ങളെക്കൊണ്ട് എസ്.ഇ.സി.ഐയുമായി വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പുവെപ്പിക്കുക എന്നതായിരുന്നു തന്ത്രം. അതുവഴി അദാനി ഗ്രീനിനും അഷർ പവറിനും എസ്.ഇ.സി.ഐയുമായി വൈദ്യുതി വിൽപനക്ക് കരാർ ഒപ്പുവെക്കാൻ സാധിക്കും. കൈക്കൂലി നൽകുന്ന തുകയിൽ ഒരു വിഹിതം അഷർ പവർ വഹിക്കണമെന്നും ധാരണയായി.
2021 ആഗസ്റ്റ്, സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ആന്ധ്രപ്രദേശിലെ ഉദ്യോഗസ്ഥനുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. സംസ്ഥാനം വൈദ്യുതി വാങ്ങുന്നതിന് പ്രത്യുപകാരമായി 1750 കോടി രൂപ വാഗ്ദാനം ചെയ്തു. ആ വർഷം ഡിസംബറിൽ സൗരോർജം വാങ്ങുന്നതിന് ആന്ധ്ര കരാർ ഒപ്പുവെച്ചു. ഏഴ് ജിഗാവാട്സ് വൈദ്യുതി വാങ്ങാനാണ് ആന്ധ്ര തീരുമാനിച്ചത്.
തുടർന്ന് ഒഡിഷ, ജമ്മു–കശ്മീർ, തമിഴ്നാട്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളും വൈദ്യുതി വാങ്ങുന്നതിന് കരാർ ഒപ്പുവെച്ചു. ആകെ കൈക്കൂലിയിൽ ശേഷിക്കുന്ന തുക ഈ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് നൽകിയത്.
എല്ലാം അദാനിക്ക്
സംസ്ഥാനങ്ങൾ വൈദ്യുതി വാങ്ങാൻ കരാറിൽ എത്തിയതിനുപിന്നാലെ 2021 ഒക്ടോബറിനും 2022 ഫെബ്രുവരിക്കുമിടയിൽ അദാനി ഗ്രീനും അഷർ പവറും എസ്.ഇ.സി.ഐയുമായി വൈദ്യുതി വിൽപനക്ക് കരാറിലെത്തി. ആന്ധ്രയിലെ ഏഴ് ജിഗാവാട്സിൽ 2.3 ജിഗാവാട്സും മറ്റ് സംസ്ഥാനങ്ങൾക്ക് 650 മെഗാവാട്ടും വൈദ്യുതി അഷർ പവർ നൽകാനായിരുന്നു ധാരണ. ആന്ധ്രയുടെ കരാറിന് 583 കോടി രൂപയും മറ്റ് സംസ്ഥാനങ്ങളിലെ കരാറിന് 55 കോടി രൂപയുമാണ് അഷർ പവർ കൈക്കൂലി വിഹിതം നൽകേണ്ടിയിരുന്നത്. എന്നാൽ, 583 കോടി രൂപ കണ്ടെത്താനാകാത്തതിനാൽ ആന്ധ്രയുടെ കരാർ അദാനി ഗ്രീനിന് കൈമാറി. ഉദ്യോഗസ്ഥർക്ക് നൽകുന്ന കൈക്കൂലിയുടെ വിവരങ്ങൾ സാഗർ അദാനി മൊബൈൽ ഫോണിൽ നിരീക്ഷിച്ചിരുന്നു. 2023 മാർച്ച് 17ന് യു.എസ് കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ നടത്തിയ പരിശോധനയിൽ സാഗർ അദാനിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ഈ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.
കൈക്കൂലി ഇടപാട് നടക്കുമ്പോൾ തന്നെയാണ് അദാനി ഗ്രൂപ് അമേരിക്കയിൽനിന്ന് നിക്ഷേപം സ്വീകരിച്ചത്. കൈക്കൂലി നൽകിയ കാര്യം അദാനി ഗ്രൂപ് മറച്ചുവെച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.