ബി.ജെ.പിയുമായുള്ള സഖ്യം നഷ്ടക്കച്ചവടം, 'ഹിന്ദുത്വ' തമിഴ്നാട്ടിൽ ചെലവാകില്ല; സഖ്യത്തിനെതിരെ എ.ഐ.എ.ഡി.എം.കെ നേതാക്കൾ രംഗത്ത്
text_fieldsചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ബി.ജെ.പിയുമായുള്ള സഖ്യത്തെച്ചൊല്ലി എ.ഐ.എ.ഡി.എം.കെയിൽ കലഹം. പാർട്ടിയിൽ നേതാക്കളും അണികളും ഇക്കാര്യത്തിൽ രണ്ടു തട്ടിലാണിേപ്പാൾ. ബി.ജെ.പി പുറത്തു നിന്നുള്ളവരാണെന്ന പ്രതിച്ഛായക്കൊപ്പം തമിഴ്നാട്ടിൽ വിലപ്പോവാത്ത 'ഹിന്ദുത്വ'യും ചേരുേമ്പാൾ അവരുമായി സഖ്യത്തിലേർപ്പെടുന്നതിൽ കഴമ്പില്ലെന്നാണ് വലിയൊരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും വാദം. ബി.ജെ.പിയുമായി ചേരുന്നതോടെ ന്യൂനപക്ഷ സമുദായങ്ങളിൽനിന്ന് തീരെ പിന്തുണ കിട്ടുന്നില്ലെന്നതും അവർ ഉയർത്തിക്കാട്ടുന്നു.
ഒമ്പതു ജില്ലകളിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15നകം നടത്തണമെന്ന് തമിഴ്നാട് സ്റ്റേറ്റ് ഇലക്ഷൻ കമീഷന് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ, നഗരപ്രദേശങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം അവസാനിക്കുന്നതിന്മുമ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു. പത്തു വർഷത്തെ ഇടവേളക്കുശേഷമാണ് നഗരങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് കാട്ടി എ.ഐ.എ.ഡി.എം.കെ ഒൗദ്യോഗിക വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. 'തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയെന്ന ലക്ഷ്യമിട്ട് എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം കൂട്ടായ ശ്രമം നടത്തും. എല്ലാ മണ്ഡലങ്ങളിലും മികച്ച വിജയമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്' -മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവും പാർട്ടി വക്താവുമായ ആർ. വൈദ്യലിംഗം ഈയിടെ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.
എന്നാൽ, പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും ഈ അഭിപ്രായത്തിെനതിരാണ്. 'പുറത്തുനിന്നുള്ളവർ' എന്ന ഇമേജുള്ള ബി.ജെ.പിയുമായി കൂട്ടുകൂടുന്നത് എ.ഐ.എ.ഡി.എം.കെക്ക് ദോഷം െചയ്യുമെന്നാണ് അവരുടെ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് മത്സരിച്ചപ്പോഴേറ്റ തിരിച്ചടി പാഠമായി എടുക്കണമെന്നും തദ്ദേശ തെരെഞ്ഞടുപ്പിൽ അവരുമായി സഖ്യത്തിലേർപ്പെടാതെ മത്സരിക്കണമെന്നും അവർ ആവശ്യമുന്നയിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ന്യൂനപക്ഷസമുദായങ്ങൾ ഇതാദ്യമായി എ.ഐ.എ.ഡി.എം.കെക്ക് വോട്ടുെചയ്യാതിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
'ഞാൻ മാത്രമല്ല, എല്ലാവരും ഈ സഖ്യത്തിൽനിന്ന് പുറത്തുകടക്കണമെന്നും ബി.ജെ.പി ഇല്ലാതെ പോരാട്ടം തുടരണമെന്നുമുള്ള അഭിപ്രായക്കാരാണ്. ബി.ജെ.പി തമിഴ്നാട്ടിൽ ഡി.എം.കെയെ സുഖിപ്പിക്കുകയാണെന്നാണ് സൂചനകൾ. നിയമസഭയുടെ വാർഷികാഘോഷങ്ങളിൽനിന്ന് ഞങ്ങൾ വിട്ടുനിന്നേപ്പാൾ അവരതിൽ പങ്കെടുത്തു. ഡി.എം.കെ തങ്ങളുടെ ശത്രുക്കളല്ലെന്നും എതിർ പാർട്ടി മാത്രമാണെന്നും മുൻതമിഴ്നാട് ബി.െജ.പി അധ്യക്ഷൻ എൽ. മുരുഗൻ പ്രസ്താവിച്ചിരുന്നു' -പേരുവെളിപ്പെടുത്താത്ത മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവ് 'ദ പ്രിന്റി'നോട് പറഞ്ഞു.
ബി.ജെ.പിയുമായി കൈേകാർക്കണമെന്ന് എ.ഐ.എ.ഡി.എം.കെയിൽ ആർക്കും താൽപര്യമില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുൻ മന്ത്രി കൂടിയായ മറ്റൊരു നേതാവും മനസ്സുതുറന്നു. 'പാർട്ടി നേതാക്കളായ ഒ. പന്നീർശെൽവത്തെയും എടപ്പാടി പളനിസ്വാമിയെയും ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും ബി.ജെ.പിയുമായി കൂട്ടുകൂടുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അവരോട് ചോദിക്കൂ..'
ബി.ജെ.പിയുമായി ചേരുന്നത് നഷ്ടക്കച്ചവടമാണെന്ന ചിന്ത കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണ് നേതാക്കളിൽ ശക്തമാകുന്നത്. ബി.ജെ.പിയുമായി സഖ്യം ഇല്ലായിരുന്നെങ്കിൽ എ.ഐ.എ.ഡി.എം.കെക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയേനേയെന്ന് മുതിർന്ന നേതാവ് സി. പൊന്നയ്യൻ തുറന്നടിച്ചു. ബി.ജെ.പി തമിഴ് വിരുദ്ധരാണെന്ന കാഴ്ചപ്പാടാണ് സംസ്ഥാനത്ത് ശക്തമെന്നും 'ഹിന്ദുത്വ'ക്ക് തമിഴ്നാട്ടിൽ വേരോട്ടം കിട്ടില്ലെന്നും അഞ്ചു പതിറ്റാണ്ടിലേറെയായി എ.ഐ.എ.ഡി.എം.കെയിൽ പ്രവർത്തിക്കുന്ന പൊന്നയ്യൻ അഭിപ്രായപ്പെടുന്നു. ബി.ജെ.പിയുമായി സഖ്യത്തിേലർപ്പെട്ടതിലൂടെ എ.ഐ.എ.ഡി.എം.കെക്കൊപ്പം നിന്നിരുന്ന ഒേട്ടറെ ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഖ്യം തുടരുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമാണ് ഉണ്ടാകുകയെന്ന് തമിഴ്നാട് ബി.ജെ.പി വക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു. 'എ.ഐ.എ.ഡി.എം.കെയുടെ ഉചിതമായ ഫോറത്തിൽ അവർ തീരുമാനമെടുക്കും. സഖ്യത്തെച്ചൊല്ലിയുള്ള ഭിന്നാഭിപ്രായങ്ങൾ എല്ലാ കൂട്ടുകെട്ടിലുമുണ്ടാകും. അത് ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിൽ മാത്രമുള്ളതല്ല' -തിരുപ്പതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.