ബി.ജെ.പി മൂന്നോ നാലോ സീറ്റുകൾ നൽകുമെന്ന് വിശ്വസിക്കുന്നു; രണ്ട് സീറ്റിനായി എന്തിനാണ് സഖ്യമെന്ന് കുമാരസ്വാമി
text_fieldsബംഗളൂരു: ബി.ജെ.പി മൂന്ന് മുതൽ നാല് സീറ്റുകൾ വരെ നൽകുമെന്ന് വിശ്വസിക്കുന്നതായി കർണാടക ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പി, സഖ്യകക്ഷിയായ ജനതാദൾ സെക്യുലറിന് രണ്ട് സീറ്റുകൾ മാത്രമേ നൽകൂ എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതികരണം.
"ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഞങ്ങളുടെ മണ്ഡലങ്ങളെക്കുറിച്ച് സംസാരിക്കില്ല, ഞാൻ ബി.ജെ.പിയോട് ആറോ ഏഴോ സീറ്റ് ചോദിച്ചിട്ടില്ല, മറിച്ച് മൂന്ന് മുതൽ നാല് സീറ്റുകളാണ് അവരോട് ആവശ്യപ്പെട്ടത്" -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിക്ക് ജെ.ഡി.എസിന്‍റെ ശക്തിയെക്കുറിച്ചറിയാം. രണ്ട് സീറ്റിന് വേണ്ടി അവരുമായി സഖ്യമുണ്ടാക്കേണ്ട ആവശ്യമുണ്ടോ? തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ചാലും മാണ്ഡ്യ, ഹാസൻ മണ്ഡലങ്ങളിൽ ഞങ്ങളുടെ സ്ഥാനാർഥികൾ വിജയിക്കും. ത്രികോണ മത്സരമുണ്ടായാൽപോലും ഈ രണ്ടു മണ്ഡലങ്ങളിലും പാർട്ടി അനായാസം വിജയിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
ജെ.ഡി.എസിനോട് ആദരവോടെ പെരുമാറേണ്ടതിന്‍റെ ആവശ്യകതയും 18 ലോക്‌സഭാ മണ്ഡലങ്ങളിലെയും തങ്ങളുടെ ശക്തിയും ബി.ജെ.പിയെ അറിയിക്കാൻ മുതിർന്ന പാർട്ടി നേതാക്കൾ തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ ശക്തി പല മണ്ഡലങ്ങളിലും വിനിയോഗിച്ചാൽ അത് ബി.ജെ.പിക്ക് പ്ലസ് പോയിന്‍റായി മാറും. ദേശീയ രാഷ്ട്രീയത്തേക്കാൾ വ്യത്യസ്തമാണ് കർണാടക രാഷ്ട്രീയം. കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിന്‍റെ ചിത്രം താൻ ബി.ജെ.പിക്ക് മുന്നിൽ അവതരിപ്പിക്കണമെന്നാണ് പാർട്ടി നേതാക്കൾ ആഗ്രഹിക്കുന്നത്. ഹാസൻ, മാണ്ഡ്യ, കോലാർ എന്നിങ്ങനെ മൂന്ന് സീറ്റുകളാണ് ബി.ജെ.പിയോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.