രാജ്യ തലസ്ഥാനം വിയർത്തൊഴുകുന്നു; ചുവപ്പ് അലർട്ട് പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്തിൻെറ തലസ്ഥാന നഗരി ഉൾപ്പെടെ ഉത്തരേന്ത്യ ആകമാനം ചുട്ടുപൊള്ളുകയാണ്. അന്തരീക്ഷതാപം കൂടിയതോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡൽഹിയിൽ ചുവപ്പ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച 46.8 ഡിഗ്രി സെൽഷ്യസും വെള്ളിയാഴ്ച 44.8 ഡിഗ്രി സെൽഷ്യസുമായിരുന്നു ഡൽഹിയിലെ ചൂട്.
ശനിയാഴ്ച കൂടിയ താപനില 45 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസും ആവുമെന്നാണ് കരുതുന്നത്. ഡൽഹിയിലെ പല ഭാഗങ്ങളിലും ഉഷ്ണ തരംഗമുണ്ടെന്നും ചില ഒറ്റപ്പെട്ട ഭാഗങ്ങളിൽ തീവ്ര ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.
വലിയ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി പരമാവധി 45 ഡിഗ്രി സെൽഷ്യസ് താപനില റിേപ്പാർട്ട് ചെയ്യപ്പെട്ടാലാണ് സാധാരണയായി ഉഷ്ണ തരംഗമായി പ്രഖ്യാപിക്കുക. 47 ഡിഗ്രി സെൽഷ്യസ് താപനിലയാണ് റിേപ്പാർട്ട് ചെയ്യപ്പെടുന്നതെങ്കിൽ തീവ്ര ഉഷ്ണ തരംഗമായും പ്രഖ്യാപിക്കും.
തിങ്കൾ മുതൽ ചൊവ്വ വരെ ഉഷ്ണ തരംഗം കൂടിയ അളവിലായിരിക്കുമെന്നാണ് സൂചന. ചൂട് കൂടുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ താമസിക്കുന്നവർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് കുറക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.