ഹനുമാൻ ജയന്തിക്കിടയിലും സംഘർഷ നീക്കം; ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദു സഹോദരങ്ങൾ ഉറപ്പാക്കണം -മമത
text_fieldsകൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെ ബംഗാളിലുണ്ടായ വ്യാപക അക്രമങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. വ്യാഴാഴ്ച ഹനുമാൻ ജയന്തി ആഘോഷത്തിനിടെയും സംഘർഷത്തിന് അവർ പദ്ധതിയിടുന്നുണ്ടെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദു സഹോദരങ്ങൾ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈസ്റ്റ് മെദ്‌നിപൂരിലെ കെജൂരിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ശ്രീരാമന് വേണ്ടി സമർപ്പിക്കപ്പെട്ട രാമനവമി ആഘോഷങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം എന്തിനാണ് ഘോഷയാത്ര നടത്തുന്നതെന്ന് മമത ചോദിച്ചു. നാട്ടിൽ സംഘർഷം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനും ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.
‘രാമനവമി കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞിട്ടും ആയുധങ്ങളും ബോംബുമായി വന്ന് എന്തിനാണ് ഘോഷയാത്ര നടത്തുന്നത്? സംഘർഷവും കലാപവും സൃഷ്ടിക്കാൻ മനഃപൂർവമാണ് അവർ ന്യൂനപക്ഷ മേഖലകളിലേക്ക് കടക്കുന്നത്. പാവപ്പെട്ട തെരുവുകച്ചവടക്കാരുടെ ഉന്തുവണ്ടികൾക്ക് തീകൊടുത്തിരിക്കുകയാണവർ. തോക്കുകളുമായി നൃത്തം ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹിന്ദു സഹോദരങ്ങളോട് അഭ്യർഥിക്കുകയാണ്. ആരും ഇത്തരത്തിലുള്ള അക്രമവും കലാപവും ആഗ്രഹിക്കുന്നില്ല. ഹനുമാൻ ജയന്തി ദിനത്തിൽ വീണ്ടും ആക്രമണം നടത്താനാണ് അവരുടെ പദ്ധതി. പൊലീസുകാരോടും ജില്ലാ മജിസ്‌ട്രേറ്റുമാരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളിൽ മാത്രമല്ല, രാജ്യമെങ്ങും അവർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്’ മമത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.