മദ്യപാനികൾക്ക് മക്കളെ വിവാഹം ചെയ്തു നൽകരുത്; സ്വന്തം അനുഭവം വിവരിച്ച് കേന്ദ്രമന്ത്രി
text_fieldsസുൽത്താൻപൂർ: മദ്യപാനികൾക്ക് പെൺമക്കളെ വിവാഹം ചെയ്തു നൽകരുതെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ. മദ്യപാനികളായ സർക്കാർ ഉദ്യോഗസ്ഥരെക്കാൾ മികച്ച വരൻ റിക്ഷാക്കാരനോ തൊഴിലാളിയോ ആണെന്നും തന്‍റെ ദുരനുഭവം വിവരിച്ചുകൊണ്ട് കൗശൽ കിഷോർ പറഞ്ഞു. ലംഭുവ നിയമസഭാ മണ്ഡലത്തിൽ ലഹരി നിർമാർജനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യപാനിക്ക് ആയുസ് കുറവാണെന്ന് പറഞ്ഞ മന്ത്രി സ്വന്തം ജീവിതാനുഭവം വിവരിക്കുകയും ചെയ്തു. 'ഞാൻ എം.പിയും എന്‍റെ ഭാര്യ എം.എൽ.എയുമായിരുന്ന കാലത്ത് ഞങ്ങൾക്ക് മകനെ രക്ഷിക്കാൻ കഴിഞ്ഞില്ല. എന്‍റെ മകൻ ആകാശ് കിഷോറിന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അവനെ ഞങ്ങൾ ഡീ അഡിക്ഷൻ സെന്‍ററിൽ പ്രവേശിപ്പിച്ചു. അവൻ മദ്യം ഉപയോഗിക്കുന്നത് നിർത്തുമെന്ന് പ്രതീക്ഷിച്ചു. ആറുമാസങ്ങൾക്ക് ശേഷം അവൻ വിവാഹവും കഴിച്ചു. എന്നാൽ ആകാശ് വീണ്ടും മദ്യപിക്കാൻ തുടങ്ങി. രണ്ടുവർഷങ്ങൾക്ക് ശേഷം മദ്യപാനം കാരണം അവൻ മരണത്തിന് കീഴടങ്ങി. ആകാശ് മരിക്കുമ്പോൾ അവന്‍റെ മകന് രണ്ടുവയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. -മന്ത്രി പറഞ്ഞു.
തനിക്ക് മകനെ രക്ഷിക്കാൻ കഴിയാഞ്ഞതിനാൽ അവന്‍റെ ഭാര്യ വിധവയായി. പെൺമക്കൾക്കും സഹോദരിമാർക്കും ഈ അവസ്ഥവരാതെ നോക്കണമെന്നു പറഞ്ഞ മന്ത്രി മദ്യാസക്തികാരണം വർഷം 20 ലക്ഷം ആളുകൾ മരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എല്ലാ സ്കൂളുകളിലും ലഹരി മുക്തി കാമ്പയിൻ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.