അനധികൃത ഇരുമ്പയിര് കടത്തുകേസ്: സതീഷ് കൃഷ്ണ സെയിലിന് ഏഴു വർഷം തടവ്
text_fieldsബംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തുകേസിൽ ഉത്തര കന്നട കാർവാറിലെ കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അടക്കം ഏഴുപേർക്ക് ഏഴു വർഷം തടവും 43 കോടി രൂപ പിഴയും വിധിച്ചു.
ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഇതോടെ സതീഷ് കൃഷ്ണ സെയിലിന്റെ എം.എൽ.എ പദവിയും നഷ്ടമായേക്കാം.
ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കോഴിക്കാട് സ്വദേശി അർജുനായുള്ള തിരച്ചിലിൽ സജീവമായി രംഗത്തുണ്ടായിരുന്ന സ്ഥലം എം.എൽ.എയാണ് സതീഷ് കൃഷ്ണ സെയിൽ. മല്ലികാർജുന ഷിപ്പിങ് കോർപറേഷൻ കമ്പനി ഉടമ കൂടിയായ സതീഷ് സെയിലിന് പുറമെ റിട്ട. പോർട്ട് ഡെപ്യൂട്ടി കൺസർവേറ്റർ മഹേഷ് ബിലിയെ, ലാൽമഹൽ കമ്പനി ഉടമ പ്രേംചന്ദ് ഗാർഗ്, ശ്രീലക്ഷ്മി വെങ്കടേശ്വര ട്രേഡേഴ്സ് ഉടമ കെ. മഹേഷ്, സ്വാസ്തിക് കമ്പനി ഉടമ കെ.വി. നാഗരാജ്, ഗോവിന്ദരാജു, ആശാപുര കമ്പനി ഉടമ ചേതൻ എന്നിവരും കേസിൽ കുറ്റക്കാരാണെന്ന് വ്യാഴാഴ്ച കോടതി വിധിച്ചിരുന്നു. തുടർന്ന് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്ത എം.എൽ.എയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിച്ചതിനെത്തുടർന്ന് ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഗൂഢാലോചനയും ഇരുമ്പയിര് മോഷണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ആറ് കേസുകളുമാണുണ്ടായിരുന്നത്. ഇതിൽ ഓരോ കേസിലും യഥാക്രമം ആറു കോടി, ഒമ്പതു കോടി, 9.52 കോടി, 9.25 കോടി, 90 ലക്ഷം എന്നിങ്ങനെ പിഴ വിധിച്ചു. പിഴത്തുക പ്രതികളിൽനിന്ന് കണ്ടുകെട്ടാൻ കർണാടക സർക്കാറിനോട് കോടതി നിർദേശിച്ചു.
മുമ്പ് ഗൂഢാലോചന കേസിൽ അഞ്ചു വർഷവും ഇരുമ്പയിര് കടത്തുകേസുമായി ബന്ധപ്പെട്ട് മൂന്നു വർഷവും സതീഷ് കൃഷ്ണ സെയിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.