ഇൻഡ്യ സീറ്റു വിഭജന ചർച്ചയിൽ പുരോഗതി
text_fieldsഹൈദരാബാദ്: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഇൻഡ്യ സഖ്യത്തിന്റെ സീറ്റുവിഭജന ചർച്ചകൾ പുരോഗമിച്ചതോടെ ഏതാനും സംസ്ഥാനങ്ങളിലായി 130 സീറ്റുകളിൽ ഘടകകക്ഷികൾ തമ്മിൽ ഏറക്കുറെ ധാരണ. അതേസമയം, അഞ്ച് സംസ്ഥാനങ്ങളിൽ സീറ്റു വിഭജന ചർച്ചകളിൽ ഒരു പുരോഗതിയുണ്ടായിട്ടില്ല. തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ ചർച്ച അന്തിമഘട്ടത്തിലെത്തിയപ്പോൾ കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് എവിടെയുമെത്താത്തത്.
വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 100 സീറ്റുകളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടാണ് മത്സരം എന്നതിനാൽ അത്രയും സീറ്റുകളിൽ ഇൻഡ്യക്ക് മറുത്തൊരു ആലോചന വേണ്ടിവരില്ല. ബാക്കിയുള്ള സീറ്റുകളിലാണ് ഇൻഡ്യ ഘടക കക്ഷികൾ സീറ്റുവിഭജന ചർച്ച തുടങ്ങിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ 46 സീറ്റുകളിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, കോൺഗ്രസ്, എൻ.സി.പി ശരദ് പവാർ വിഭാഗം എന്നീ കക്ഷികളും ബിഹാറിലെ 40 സീറ്റുകളിൽ ആർ.ജെ.ഡി, ജനതാദൾ യു, കോൺഗ്രസ്, സി.പി.ഐ(എം.എൽ) കക്ഷികളും തമിഴ്നാട്ടിലെ 39 സീറ്റുകളിൽ ഡി.എം.കെയും കോൺഗ്രസും മറ്റു ചെറുകക്ഷികളും ജമ്മു-കശ്മീരിലെ അഞ്ച് സീറ്റുകളിൽ നാഷനൽ കോൺഫറൻസും പി.ഡി.പിയും കോൺഗ്രസും തമ്മിലും മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണത്തിൽ ധാരണയായെന്നാണ് ഇൻഡ്യ നേതാക്കൾ നൽകുന്ന സൂചന. ഡൽഹിയിലെയും പഞ്ചാബിലെയും 20 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലാണ് ചർച്ച. ഇരു സംസ്ഥാനങ്ങളിലും ധാരണയിലെത്തിച്ചേരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇരു പാർട്ടികളും.
എല്ലാ സംസ്ഥാനങ്ങളിലും ഈ മാസത്തോടെ സീറ്റു വിഭജനം പൂർത്തിയാക്കി സ്ഥാനാർഥിനിർണയത്തിലേക്കും പ്രചാരണ പ്രവർത്തനങ്ങളിലേക്കും നീങ്ങണമെന്നാണ് ഇൻഡ്യ സഖ്യം ഏകോപന സമിതിയുടെ പ്രഥമ യോഗ തീരുമാനം. സംസ്ഥാന നേതാക്കൾ തമ്മിൽ നടത്തുന്ന സീറ്റ് വിഭജന ചർച്ചയിൽ വല്ല തർക്കങ്ങളും പ്രതിബന്ധങ്ങളും ഉടലെടുത്തെങ്കിൽ മാത്രം ദേശീയ നേതാക്കൾ ഇടപെട്ടാൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. ഇൻഡ്യ സഖ്യത്തിന്റെ ചർച്ച ഒട്ടും നീങ്ങാത്ത രണ്ട് സംസ്ഥാനങ്ങൾ കേരളവും പശ്ചിമ ബംഗാളുമാണ്. കേരളത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും തമ്മിൽ നേരിട്ടുള്ള മത്സരമായതിനാൽ ധാരണക്ക് സാധ്യതയില്ല.
പശ്ചിമ ബംഗാളിലെ 42 ലോക്സഭ സീറ്റുകളിൽ മമത ബാനർജി വിദേശ പര്യടനം കഴിഞ്ഞ ശേഷമേ ചർച്ച തുടങ്ങൂ. കോൺഗ്രസും ഇടതുമുന്നണിയും ഒരുമിച്ച് ബംഗാളിൽ മമതയെ നേരിടുന്നതിനിടയിലാണ് ഇൻഡ്യ സീറ്റ് വിഭജന ചർച്ച നടക്കാൻപോകുന്നത്. കോൺഗ്രസുമായുള്ള നീക്കുപോക്കിന് ഏതാനും സീറ്റുകളിൽനിന്ന് പിന്മാറാൻ തയാറാണെങ്കിലും സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണിയുമായി ഒരു ഒത്തുതീർപ്പിനുമില്ലെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്.
അത്തരമൊരു നിലയിലേക്ക് കാര്യങ്ങളെത്തിയാൽ ത്രിപുരയൊഴികെ ഇൻഡ്യ സഖ്യത്തിനായി കാര്യമായെന്തെങ്കിലും ചെയ്യാൻ സി.പി.എമ്മിന് റോളില്ലാതെ വരും. തൃണമൂൽ ആഗ്രഹിച്ച പോലെ ബംഗാൾ സി.പി.എമ്മിനെ കൈവിട്ട് സീറ്റുധാരണയുണ്ടാക്കിയില്ലെങ്കിൽ ബി.ജെ.പി പിടിക്കുന്ന സീറ്റുകൾക്ക് കോൺഗ്രസ് സമാധാനം പറയേണ്ടി വരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.