ഇൻഡ്യ 60 ശതമാനം ജനങ്ങളെ പ്രതിനിധാനംചെയ്യുന്നു- രാഹുൽ
text_fieldsഐസോൾ (മിസോറം): പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ രാജ്യത്തെ ജനങ്ങളുടെ 60 ശതമാനത്തെ പ്രതിനിധാനംചെയ്യുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ള മിസോറമിലെ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടും (എം.എൻ.എഫ്) പ്രതിപക്ഷമായ സോറോ പീപ്ൾസ് മൂവ്മെന്റും (ഇസഡ്. പി.എം)ബി.ജെ.പിക്കും ആർ.എസ്.എസിനും കാലുറപ്പിക്കാനുള്ള ഉപകരണങ്ങളാണെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആരോപിച്ചു.
മിസോറമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രതിമാസം 2000 രൂപ വാർധക്യ പെൻഷനും 750 രൂപക്ക് ഗ്യാസ് സിലിണ്ടറും സംരംഭകർക്ക് പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രതിപക്ഷ ഇൻഡ്യൻ സഖ്യം മൂല്യങ്ങളും ഭരണഘടനാ ചട്ടക്കൂടും സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ട് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കുമെന്ന് രാഹുൽ വ്യക്തമാക്കി. ബി.ജെ.പി എല്ലാ തീരുമാനങ്ങളും ഡൽഹിയിൽ എടുക്കുമ്പോൾ ഇൻഡ്യ സഖ്യം വികേന്ദ്രീകരണത്തിലാണ് വിശ്വസിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. മിസോറം, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
മധ്യപ്രദേശിൽ ബി.ജെ.പിയെ തകർക്കും. ഛത്തിസ്ഗഢിൽ അവരെ തുടച്ചുനീക്കി വീണ്ടും തോൽപ്പിക്കും. രാജസ്ഥാനിൽ ബി.ജെ.പിക്കെതിരായ ജയം ആവർത്തിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മുന്നേറും. കോൺഗ്രസ് എന്ന ആശയത്തെ വിലകുറച്ച് കാണരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ അടിത്തറ പാകാൻ സഹായിച്ച കോൺഗ്രസ് ആ അടിത്തറയെ എന്നും പ്രതിരോധിച്ചു. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആക്രമണങ്ങളെ നേരിടുകയാണ്. ഡൽഹിയിൽനിന്ന് നേരിട്ട് ഭരിക്കാനല്ല, ജനങ്ങൾക്ക് അധികാരം കൈമാറാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. മണിപ്പൂരിൽ ബി.ജെ.പി പടർത്തിയ വിദ്വേഷം ഇല്ലാതാക്കി രണ്ട് സമുദായങ്ങൾക്കിടയിൽ സൗഹാർദ പാലമിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് മിസോറം ഭരിച്ചപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പിന്നീട് ലുഗ്ലേയിയിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ എടുത്തുപറഞ്ഞു. ജനങ്ങളുടെ ‘മൻ കീ ബാത്ത്’ കേൾക്കാനാണ് തനിക്കിഷ്ടമെന്നും തന്റെ മൻ കീ ബാത്ത് പറയാനല്ല ആഗ്രഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.