വീണ്ടും ഹേമന്തം; ഝാർഖണ്ഡിൽ ബി.ജെ.പി ‘നുഴഞ്ഞുകയറ്റം’ തടഞ്ഞ് ഇൻഡ്യ സഖ്യം
text_fieldsറാഞ്ചി: ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റ ഭീതിവിതച്ച് തീവ്രപ്രചാരണത്തിലൂടെ ഝാർഖണ്ഡ് പിടിക്കാനുള്ള ബി.ജെ.പി മോഹം തകർന്നു. േക്ഷമ പദ്ധതികളുമായി വോട്ടുതേടിയ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യത്തെ ജനം ചേർത്തുപിടിച്ചു. 81 അംഗ നിയമസഭയിൽ 56 സീറ്റ് നേടിയാണ് ജെ.എം.എം- കോൺഗ്രസ് സർക്കാർ തിളക്കത്തോടെ വീണ്ടും അധികാരത്തിലെത്തുന്നത്.
25 മണ്ഡലങ്ങളിൽ മാത്രമേ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് ജയിക്കാനായുള്ളൂ. ജെ.എം.എമ്മിന്റെ ആദിവാസി കാർഡും ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റ്ചെയ്തതിനെ തുടർന്നുള്ള സഹതാപവും ഭരണകക്ഷിയെ തുണച്ചു. ഹേമന്ത് സോറന്റെ ഭാര്യ കൽപനയെ രംഗത്തിറക്കി വനിത വോട്ടർമാരെ പാട്ടിലാക്കാനുള്ള ജെ.എം.എം നീക്കവും വിജയം കണ്ടു. ജെ.എം.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപായ് സോറന്റെ കൂടുമാറ്റവും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ തന്ത്രങ്ങളും ആദിവാസി മേഖലകളിൽ ബി.ജെ.പിയെ തുണച്ചില്ല.
43 മണ്ഡലങ്ങളിൽ മത്സരിച്ച ജെ.എം.എം 33 ഇടത്ത് ജയം കണ്ടു. 30 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 16 മണ്ഡലങ്ങളിൽ ജയിച്ചു. ആറിടത്ത് സ്ഥാനാർഥികളെ നിർത്തിയ ഇൻഡ്യ സഖ്യത്തിലെ ആർ.ജെ.ഡി എല്ലാവരെയും അമ്പരപ്പിച്ച് അഞ്ചിടത്ത് ജയിച്ചു കയറി. നാലു മണ്ഡലങ്ങളിൽ മത്സരിച്ച ഇൻഡ്യ സഖ്യത്തിലെ സി.പി.ഐ (എം.എൽ) ലിബറേഷൻ രണ്ടിടത്ത് ജയിച്ചു. 68 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പിക്ക് 21 മണ്ഡലങ്ങളിൽ മാത്രമേ ജയിക്കാനായുള്ളൂ. ഒരിടത്ത് മത്സരിച്ച എൻ.ഡി.എ സഖ്യകക്ഷിയായ എൽ.ജെ.പി (രാംവിലാസ്) ജയിച്ചു. രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടിയ ജെ.ഡി.യു ഒരു സീറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.