രാജ്യം ഉറ്റുനോക്കി ‘ഇൻഡ്യ’ യോഗം; 28 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 63 പ്രതിനിധികൾ പങ്കെടുക്കുന്നു
text_fieldsബോംബെ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇൻഡ്യ ’യുടെ (Indian National Developmental Inclusive Alliance) നിർണായക യോഗം വ്യാഴാഴ്ച മുംബൈയിൽ തുടങ്ങി. രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ, ആദ്യ രണ്ട് യോഗങ്ങള്‍ പട്‌നയിലും ബെംഗളൂരുവിലുമായി നടന്നിരുന്നു. യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സഖ്യത്തിന്റെ ലോഗോ പ്രകാശനം ചെയ്യും.
കൂട്ടായ്മയിലെ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള സഹകരണത്തിനുള്ള ഘടന വികസിപ്പിക്കുക, പൊതുമിനിമം പരിപാടി രൂപവത്കരണം, പ്രതിപക്ഷത്തെ പ്രധാന പാർട്ടികളുടെ ഏകോപന സമിതി രൂപീകരിക്കുക എന്നിവയെകുറിച്ചെല്ലാം സമ്മേളനത്തിൽ ചർച്ച നടക്കും. രാവിലെ 10.30ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് യോഗം തുടങ്ങുക. ഏകോപന സമിതികൾ രൂപീകരിക്കുന്നതും കൺവീനറെ നിയമിക്കുന്നതും സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. വ്യാഴാഴ്ച ഹോട്ടലിൽ ചേർന്ന സഖ്യകക്ഷികളുടെ അനൗപചാരിക യോഗത്തിൽ, ഭൂരിപക്ഷം നേതാക്കളും ദേശീയ തലത്തിൽ സീറ്റ് വിഭജനം ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവർ ബുധനാഴ്ച തന്നെ മുംബൈയിൽ എത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവർ വ്യാഴാഴ്ചയും എത്തിച്ചേർന്നു.
വ്യാഴാഴ്ച വൈകുന്നേരം ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ നേതാക്കൾക്ക് അത്താഴവിരുന്ന് നൽകി. ചർച്ചകൾ അവസാനിച്ചതിന് ശേഷം ഉച്ചയ്ക്ക് ശേഷം വാർത്താ സമ്മേളനം വിളിച്ച് തീരുമാനങ്ങൾ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.