കടുത്ത നടപടികൾ അനിവാര്യം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഖാർഗെയുടെ ആഭ്യന്തര വിമർശനം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടികൾ അനിവാര്യമായി വന്നിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ വ്യക്തമാക്കി. താഴേ തട്ട് മുതൽ ബ്ലോക്ക്, ജില്ലാ എ.ഐ.സി.സി തലം വരെ അടിമുടി മാറ്റം അനിവാര്യമാണെന്നും മാറുന്ന കാലത്തിനനുസരിച്ച് മാറിയേ തീരൂ എന്നും ഖാർഗെ തുടർന്നു.
ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിയെ തുടർന്നാണ് ഖാർഗെയുടെ ആഭ്യന്തര വിമർശനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ ഒരു സന്ദേശമാണെന്ന് ഖാർഗെ പറഞ്ഞു. തൊഴിലില്ലായ്, വിലക്കയറ്റം, ജാതി സെൻസസ് തുടങ്ങിയ ദേശീയ വിഷയങ്ങളുണ്ടാകും. എന്നാൽ അതോടൊപ്പം പ്രാദേശിക വിഷയങ്ങൾ കണ്ടെത്തണം. ദേശീയ നേതാക്കളെയും ദേശീയ വിഷയങ്ങളെയും ആശ്രയിക്കരുതെന്നും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക വിഷയങ്ങൾ കണ്ടെത്തുകയാണ് വേണ്ടതെന്നും ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുള്ള അനുകൂലാന്തരീക്ഷം എപ്പോഴും ജയത്തിലേക്ക് നയിക്കണമെന്നില്ലെന്ന് ഖാർഗെ ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പു പ്രക്രിയയിൽ കമീഷൻ വിട്ടുവീഴ്ച ചെയ്തു
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തെരഞ്ഞെടുപ്പു പ്രക്രിയയിൽ വിട്ടുവീഴ്ച ചെയ്തെന്നും ഭരണഘടനാപരമായ ബാധ്യതയായ നീതിപൂർവകവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് നേരെ ചോദ്യമുരുന്നുണ്ടെന്നും ഇതിനെതിരായ പോരാട്ടത്തെ ഒരു ദേശീയ പ്രസ്ഥാനമായി കോൺഗ്രസ് മാറ്റുമെന്നും പ്രവർത്തക സമിതി വ്യക്തമാക്കി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം വിലയിരുത്തി.
സാധാരണഗതിയിൽ മനസിലാക്കാവുന്നതിനപ്പുറമാണ് ഫലമെന്നും കണക്കുകൂട്ടിയുളള കൃത്രിമം വോട്ടെടുപ്പിൽ നടന്നിട്ടുണ്ടെന്നും പ്രമേയം കുറ്റപ്പെടുത്തി. ഹരിയാനയിലെ പ്രകടനം പ്രതീക്ഷിച്ചതിന് വിരുദ്ധമായിരുന്നുവെന്നും തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നും പ്രമേയം തുടർന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷായും ശിവരാജ് സിങ്ങ് ചൗഹാനും അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമയും നടത്തിയ വിഷലിപ്തമായ ധ്രുവീകരണ കാമ്പയിൻ മറികടന്ന് ഇൻഡ്യക്ക് വിജയം നൽകിയ ഝാർഖണ്ഡിലെ ജനതയെ പ്രവർത്തക സമിതി അഭിനന്ദിച്ചു. പ്രിയങ്ക ഗാന്ധിയുടെ വിജയം പ്രവർത്തകരിലും ജനങ്ങളിലും ആവേശമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.