അഫ്ഗാൻ സാമ്രാജ്യത്വ ശക്തികൾക്ക് പാഠം –ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സാമ്രാജ്യത്വ ശക്തികൾക്ക് പാഠമാകണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദതുല്ല ഹുസൈനി. അഫ്ഗാനിലെ രാഷ്ട്രീയ മാറ്റങ്ങൾ അശാന്തിയും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
രണ്ടു പതിറ്റാണ്ടു മുമ്പ് കൊളോണിയൽ ശക്തികൾ സൈനിക നടപടികളിലൂടെ അഫ്ഗാൻ സർക്കാറിനെ അട്ടിമറിച്ചു. നിരപരാധികളായ ജനങ്ങൾക്കു നേരെ അതിക്രമം അഴിച്ചു വിട്ടു. അഫ്ഗാൻ ജനതക്കുമേൽ സ്വന്തം താൽപര്യങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിച്ചു. എന്നാൽ, അഫ്ഗാൻ ജനതയുടെ സ്ഥിരോത്സാഹവും പോരാട്ട വീര്യവും വഴിയാണ് സാമ്രാജ്യത്വ ശക്തികളുടെ പിന്മാറ്റം. ദരിദ്ര രാജ്യങ്ങളുടെ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്ന നയം ഉപേക്ഷിക്കണമെന്ന പാഠമാണ് ഈ ശക്തികളും അന്താരാഷ്ട്ര സമൂഹവും ഉൾക്കൊള്ളേണ്ടത്.
അഫ്ഗാനിസ്താനിലെ താലിബാൻ അധികാര കൈമാറ്റം കൂടുതൽ രക്തച്ചൊരിച്ചിലില്ലാതെ പൂർത്തീകരിച്ചത് പ്രത്യാശ നൽകുന്നതാണ്. ലോകം താലിബാനെ ഉറ്റു നോക്കുന്നു. ഇസ്ലാം സമാധാനത്തിെൻറയും ക്ഷേമത്തിെൻറയും ദർശനമാണെന്ന വസ്തുതയിലേക്ക് ലോക ശ്രദ്ധ ആകർഷിക്കാൻ താലിബാൻ ശ്രമിക്കേണ്ടതുണ്ട്. ഇസ്ലാം എല്ലാവർക്കും വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ മനുഷ്യരുടെയും സംരക്ഷണം ഇസ്ലാമിന് പരമപ്രധാനമാണ്. സ്ത്രീകളുടെ അവകാശങ്ങളും പ്രധാനമാണ്. അഫ്ഗാനിലെ പുതിയ ഭരണാധികാരികൾ ഇസ്ലാമിക ക്ഷേമ രാഷ്ട്ര മാതൃകയാണ് ലോകത്തിന് സമർപ്പിക്കേണ്ടത്.
ജനങ്ങൾ ഭയത്തിൽനിന്നും ഭീകരതയിൽനിന്നും മോചനം നേടണം. ജനാധിപത്യപരമായി, കൂടിയാലോചനയിലൂടെയും ജനകീയ വോട്ടെടുപ്പിലൂടെയും പുതിയ സർക്കാർ ഉണ്ടാകണം. താലിബാൻ പ്രഖ്യാപിച്ച പൊതുമാപ്പും സിഖ്, ഹിന്ദു വിഭാഗങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്ക് സമാധാനവും നിർഭയത്വവും ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവും ലോക രാഷട്രങ്ങളുമായി സഹകരിക്കുമെന്ന സൂചനയും സ്വാഗതാർഹമാണ്. ഇന്ത്യയും അഫ്ഗാനിസ്താനുമായി ദീർഘകാല ബന്ധമാണുള്ളത്. പുതിയ അഫ്ഗാൻ സർക്കാരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും പുതിയ അഫ്ഗാൻ കെട്ടിപ്പടുക്കാനും ദക്ഷിണേഷ്യയിൽ സമാധാനം ഉറപ്പു വരുത്താനും കേന്ദ്രസർക്കാർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.