യു.പി ഗ്രാമത്തിൽ കോവിഡ് സാഹചര്യം റിപ്പോർട്ട് െചയ്യാനെത്തിയ മാധ്യമപ്രവർത്തകന് ബി.ജെ.പി ഗുണ്ടകളുടെ ക്രൂരമർദനം -വിഡിയോ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഗ്രാമത്തിൽ കോവിഡ് സാഹചര്യങ്ങൾ റിപ്പോർട്ട് െചയ്യാനെത്തിയ മാധ്യമപ്രവർത്തകന് ബി.ജെ.പി ഗുണ്ടകളുടെ ക്രൂരമർദനം. യു.പി ദുമിരിയഗഞ്ചിലെ ബെൻവ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുറത്താണ് സംഭവം.
പ്രദേശിക ചാനൽ പ്രവർത്തകനായ അമീൻ ഫാറൂഖിക്കാണ് ക്രൂരമർദനമേറ്റത്. മർദനമേറ്റ ഇയാളെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചിരുന്നു. എന്നാൽ അക്രമം നടത്തിയവരെ പിടികൂടാൻ പൊലീസ് തയാറായിട്ടില്ലെന്നും ആരോപണം ഉയർന്നു.
ഗ്രാമത്തിലെ കോവിഡ് വ്യാപനത്തിന്‍റെയും ലോക്ഡൗണിന്റെയും യഥാർഥ ചിത്രങ്ങൾ റിേപ്പാർട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവർത്തകൻ. തുടർന്ന് 20ഓളം ബി.ജെ.പി ഗുണ്ടകൾ സ്ഥലത്തെത്തി മാധ്യമപ്രവർത്തകനെ ക്രൂരമായി അടിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു. മാധ്യമപ്രവർത്തകനെ അടിക്കുന്നതും വലിച്ചിഴക്കുന്നതും വിഡിയോയിൽ കാണാം. ഒരു പൊലീസുകാരൻ സംഭവ സ്ഥലത്തുണ്ടെങ്കിലും പേടിച്ച് മാറി നിൽക്കുന്നതും വിഡിയോയിൽ കാണാം.
അക്രമത്തിന് കാരണമുണ്ടാക്കിയത് മാധ്യമപ്രവർത്തകരാണെന്നായിരുന്നു സിദ്ധാർഥ്നഗർ പൊലീസ് സൂപ്രണ്ടിന്‍റെ പ്രതികരണം. ബെൻവയിൽ 50 കിടക്കകൾ ഒരുക്കുന്നതിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ മന്ത്രിയും എസ്.ഡി.എമ്മും എത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി തിരികെപോയതോടെ മാധ്യമപ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. മാധ്യമപ്രവർത്തകരാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ പൊലീസിന്‍റെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി നെറ്റിസൻസ് രംഗത്തെത്തി.
സംഭവത്തിൽ പ്രതിഷേധവുമായി പ്രാദേശിക ചാനൽ മേധാവി ബ്രജേഷ് മിശ്ര രംഗത്തെത്തി. എം.എൽ.എയുടെയും എസ്.ഡി.എമ്മിന്‍റെയും സാന്നിധ്യത്തിലായിരുന്നു അക്രമം. പ്രദേശത്ത് ക്രമസമാധാന നില തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.