ഹൈകോടതികളില്‍ ജഡ്ജിമാരുടെ കുറവ് 43.65 ശതമാനം; കെട്ടിക്കിടക്കുന്ന കേസുകള്‍ 40.54 ലക്ഷം
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ 24 ഹൈകോടതികളിലായി 40.54 ലക്ഷം കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു. ഇത്രയും ഹൈകോടതികളില്‍ 43.65 ശതമാനം ജഡ്ജിമാരുടെ കുറവുമുണ്ട്. ഉന്നത കോടതികളില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാറും ജുഡീഷ്യറിയും തമ്മില്‍ തര്‍ക്കം തുടരുമ്പോഴാണ് ഈ അവസ്ഥ.
സുപ്രീം കോടതി പുറത്തിറക്കിയ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ 2015-16 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ജഡ്ജിമാരുടെ എണ്ണക്കുറവും കെട്ടിക്കിടക്കുന്ന കേസുകളും ചൂണ്ടിക്കാണിക്കുന്നത്.
ഹൈകോടതികളിലേക്ക് 1,079 ജഡ്ജിമാരെ അനുവദിച്ചതില്‍ 608 പേരാണ് ജോലിയിലുള്ളത്. ആവശ്യമുള്ളതിനെക്കാള്‍ 43.65 ശതമാനം കുറവാണിത്. കെട്ടിക്കിടക്കുന്നവയില്‍ 29,31,352 കേസുകള്‍ സിവിലും 11,23,178 കേസുകള്‍ ക്രിമിനലും 7,43,191 കേസുകള്‍ ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളവയുമാണ്.
സര്‍ക്കാര്‍ 126 ജഡ്ജിമാരെ അടുത്തിടെ നിയമിച്ചിട്ടുണ്ടെന്നും അത് 1990നുശേഷമുള്ള ഏറ്റവും എണ്ണത്തില്‍ കൂടിയ നിയമനമാണെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹൈകോടതികളിലേക്ക് 131 അഡീഷനല്‍ ജഡ്ജിമാരുടെ നിയമനത്തിന് അംഗീകാരമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. അലഹബാദ് ഹൈകോടതിയിലാണ് ജഡ്ജിമാരുടെ എണ്ണം ഏറ്റവും കുറവ്. അതിനാല്‍ ഇവിടെ 9.24 ലക്ഷം കേസുകളാണ് തീര്‍പ്പാകാതെയുളളത്. രാജ്യത്തെ ഹൈകോടതികളില്‍ ഏറ്റവും കൂടുതല്‍ തീര്‍പ്പാകാത്ത കേസുകളുള്ളതും അലഹബാദ് കോടതിയിലാണ്.
160 ജഡ്ജിമാര്‍ അനുവദിച്ചിടത്ത് 78 പേരാണ് ജോലിയിലുള്ളത്. മദ്രാസ് ഹൈകോടതിയാണ് തീര്‍പ്പാകാത്ത കേസുകളുടെ എണ്ണത്തില്‍ രണ്ടാമത്. മൂന്നു ലക്ഷത്തോളം കേസുകള്‍ ഇവിടെ തീര്‍പ്പാകാനുണ്ട്. 75 ജഡ്ജിമാര്‍ ആവശ്യമുള്ളിടത്ത് 38 പേരാണ് കോടതിയിലുള്ളത്. സിക്കിം, ത്രിപുര കോടതികളില്‍ മാത്രമാണ് പൂര്‍ണ തോതില്‍ ജഡ്ജിമാരുള്ളത്. സിക്കിമില്‍ മൂന്നും ത്രിപുരയില്‍ നാലും ജഡ്ജിമാരുണ്ട്. സിക്കിമില്‍ തീര്‍പ്പാകാത്ത കേസുകള്‍ 129 ആണെങ്കില്‍ ത്രിപുരയില്‍ 2987 കേസുകളില്‍ വിധിപറയാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.