ചിന്ത പോലും കുറ്റകൃത്യമാകുന്ന കാലമെന്ന് ജസ്റ്റിസ് എസ്. മുരളീധർ; 'പൗരന്റെ ചിന്തയെ നിയന്ത്രിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു'
text_fieldsന്യൂഡല്ഹി: ഇന്ത്യയിൽ മൗലിക സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള പ്രവണത വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ഒറീസ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് എസ്. മുരളീധർ. ഇന്ത്യൻ സൊസൈറ്റി ഓഫ് ഇൻറർനാഷനൽ ലോ വി.കെ. കൃഷ്ണമേനോൻ ഭവനിൽ സംഘടിപ്പിച്ച നാലാമത് ജസ്റ്റിസ് സച്ചാർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യ ചരിത്രത്തിൽ പൗരന്റെ ചിന്തയെ നിയന്ത്രിക്കാൻ ഏറ്റവും ആസൂത്രിമായ ശ്രമങ്ങൾ നടക്കുന്ന ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ചിന്തകളുടെയും ആവിഷ്കാരത്തിന്റെയും സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബോധപൂർവമായ ശ്രമം ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും ഹൃദയത്തിലുണ്ടാവുന്ന മുറിവാണ്.
‘അയിത്ത നിർമൂലന മഹാസംഘം’, ‘അയിത്ത വിരുദ്ധ മുന്നേറ്റം’, ‘മനുഷ്യാവകാശം’ തുടങ്ങിയ പദങ്ങൾ പേരുകളിൽനിന്ന് ഒഴിവാക്കണമെന്ന് പൊതുട്രസ്റ്റുകൾക്ക് മഹാരാഷ്ട്ര ചാരിറ്റി കമീഷണർ നൽകിയ നിർദേശം മുംബൈ ഹൈകോടതി റദ്ദാക്കിയത് അടുത്തിടെയാണ്. ജനാധിപത്യവ്യവസ്ഥയിൽ പൗരന് ലഭ്യമാകേണ്ട ചിന്തയുടെയും ആവിഷ്കാരത്തിന്റെയും സ്വാതന്ത്ര്യത്തെക്കുറിച്ച് സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നുന്നതാണ് കേസിൽ കോടതിയുടെ വിധിപ്രസ്താവം.
ജോർജ് ഓർവെലിന്റെ ‘1984’ എന്ന നോവലിൽ ‘ചിന്താപരമായ കുറ്റകൃത്യങ്ങൾ’ എന്ന പ്രയോഗമുണ്ട്. ഭരണകൂടങ്ങൾ വിയോജിപ്പുള്ള ആശയങ്ങൾ പ്രകടിപ്പിക്കപ്പെടുന്നതിനെ തടയുന്നതാണ് ഇതിനാധാരം. സമാനമാണ് വർത്തമാന കാലത്തെ സാഹചര്യം. സ്വാതന്ത്ര്യം, സമത്വം, സ്വകാര്യത തുടങ്ങിയ വാക്കുകൾ ഭരണകൂടങ്ങൾ ഭീഷണിയായി കാണുകയാണ്.
ജസ്റ്റിസ് സച്ചാർ ഒരിക്കലും അധികാരത്തിന് മുന്നിൽ പതറിയ ആളായിരുന്നില്ല. കോടതിയിലെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽപോലും അദ്ദേഹത്തിന്റെ ബോധ്യവും ധൈര്യവും മാതൃകാപരമായിരുന്നെന്നും ജസ്റ്റിസ് മുരളീധർ പറഞ്ഞു.
പ്രഫസർ വി.ജി. ഹെഗ്ഡെ (ഐ.എസ്.ഐ.എൽ എക്സിക്യുട്ടിവ് പ്രസിഡൻറ്), സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ്, മനോജ് കുമാർ സിൻഹ (ഐ.എസ്.ഐ.എൽ പ്രസിഡൻറ്), നരീന്ദർ സിങ് (ഐ.എസ്.ഐ.എൽ ജനറൽ സെക്രട്ടറി), ഡോ. ശ്രീനിവാസ് ബുറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.