മാതാവിന് സ്വർണ്ണക്കിരീടം വെക്കുന്നവർ പ്രധാനമന്ത്രിയോട് മണിപ്പൂരിൽ വരാൻ പറയണം -കെ.സി. വേണുഗോപാൽ
text_fieldsഇംഫാൽ: മാതാവിന് സ്വർണ്ണക്കിരീടം വെക്കുന്നവർ ആദ്യം പ്രധാനമന്ത്രിയോട് മണിപ്പൂരിൽ വരാൻ പറയണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മണിപ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാവിന് സ്വർണ്ണക്കിരീടം വെക്കുന്നവർ പ്രധാനമന്ത്രിയോട് മണിപ്പൂരിൽ വരാൻ പറയണം. മണിപ്പൂരിലെ ജനങ്ങളെ കാണാൻ പറയണം. അതിനുള്ള ആർജവവും ധൈര്യവും കാണിക്കണം. മണിപ്പൂരിലെ ജനങ്ങളുടെ വികാരങ്ങൾക്കൊപ്പം നിൽക്കാൻ സർക്കാറോ പ്രധാനമന്ത്രിയോ ബി.ജെ.പിയോ തയാറായിട്ടില്ല -കെ.സി വേണുഗോപാൽ പറഞ്ഞു.
നവകേരള യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച ബസ് ആഡംബരമെന്ന് വിമർശിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ രാഹുൽ ഗാന്ധി ന്യായ് യാത്രയിൽ സഞ്ചരിക്കുന്ന ബസിനെക്കുറിച്ച് എന്ത് പറയുന്നു എന്ന ചോദ്യത്തിന്, ഇത് സാധാരണക്കാരന്‍റെ പണം ഖജനാവിൽ നിന്ന് എടുത്ത് ഉണ്ടാക്കിയതല്ലെന്നായിരുന്നു മറുപടി. ഇത് 6,500 കിലോമീറ്റർ യാത്രയാണ്. ബാലിശമായ ആരോപണമാണിത്. അവർക്ക് വിരോധം മോദിയോടല്ല, രാഹുൽ ഗാന്ധിയോടാണെന്നും കെ.സി. വേണുഗോപാൽ മറുപടി നൽകി.
മണിപ്പൂരിലെ പാപക്കറ സ്വർണ കിരീടം ചാർത്തിയാൽ മായില്ല -ടി.എൻ പ്രതാപൻ
തൃശൂർ: മണിപ്പുരിലെ പാപക്കറ മാതാവിന്റെ രൂപത്തില്‍ സ്വര്‍ണ കിരീടം ചാര്‍ത്തിയാല്‍ പോകില്ലെന്ന് തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപൻ പറഞ്ഞു. മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് ക്രിസ്മസിന് പള്ളിയില്‍ പോകാന്‍ പോലും കഴിഞ്ഞിട്ടില്ല. മാതാവിന്റെ രൂപങ്ങള്‍ മണിപ്പൂരില്‍ ഒട്ടേറെ തകര്‍ക്കപ്പെട്ടതാണ്. മാതാവിന്‍റെ രൂപങ്ങൾ തല്ലിത്തകർക്കുന്നത് കണ്ട് നെഞ്ച് പിടഞ്ഞവരുടെ കൂട്ടത്തിലുള്ളതാണ് ഞാനടക്കമുള്ളവർ. തൃശൂരിലെ ആരാധനലായങ്ങളില്‍ പ്ലാറ്റിനം കിരീടങ്ങളും സമർപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. നൂറു കോടി രൂപയാണ് തൃശൂരില്‍ ഒഴുക്കുന്നത് -പ്രതാപൻ പറഞ്ഞു.
ഇന്നലെയാണ് ലൂര്‍ദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്റെ രൂപത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും സ്വർണക്കിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേരത്തെ നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ് ഗോപി അറിയിച്ചത്. അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനിടെ താഴെ വീണ് പൊട്ടുകയും ചെയ്തിരുന്നു. ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.