പ്രതിപക്ഷ നേതാവ്: ഒത്തുകളിച്ച് ഗ്രൂപ് നേതാക്കൾ, വടംവലിച്ച് യുവനിര; വലഞ്ഞ് ഹൈകമാൻഡ്
text_fieldsന്യൂഡൽഹി: ഗ്രൂപ് ഒത്തുകളിക്കും യുവജന സമ്മർദങ്ങൾക്കും നടുവിൽ കേരളത്തിൽ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈകമാൻഡ്. പിണറായി സർക്കാർ വീണ്ടും ചുമതലയേൽക്കുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ശ്രമം പാളിയതിനു പിന്നാലെ, നിയമസഭ സമ്മേളനം തുടങ്ങുേമ്പാൾ അദ്ദേഹം സഭയിൽ ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ.
ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പ്രതിപക്ഷ നേതാവിെൻറ കാര്യത്തിൽ ഒരേ അഭിപ്രായമാണ്. രമേശ് ചെന്നിത്തല തുടരണമെന്നാണ് സമ്മർദം. എന്നാൽ ദയനീയ പരാജയത്തിൽ നിന്ന് ഇമേജ് തിരിച്ചു പിടിക്കാൻ തലമുറ മാറ്റം നടക്കണമെന്ന ആവശ്യമാണ് വി.ഡി. സതീശനെ മുന്നിൽ നിർത്തി യുവനേതാക്കൾ ഉന്നയിക്കുന്നത്. രണ്ടിലും ന്യായം കണ്ടെത്താമെന്നിരിക്കേ, ഹൈകമാൻഡും ഡൽഹിയിലെ കേരള നേതാക്കളും കുഴങ്ങി. തീരുമാനത്തിലെ ചാഞ്ചാട്ടം അണികൾക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടും ഹൈകമാൻഡിൽ എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു കാലത്ത് രമേശ് ചെന്നിത്തലയെ പരിഹാസ്യനാക്കാൻ സി.പി.എം പ്രത്യേക ശ്രമം നടത്തിയെങ്കിലും, ഗൗരവപ്പെട്ട വിഷയങ്ങൾ തുടർച്ചയായി കൊണ്ടുവന്ന് സർക്കാറിനെതിരെ ആഞ്ഞടിക്കാൻ ചെന്നിത്തലക്ക് കഴിഞ്ഞിരുന്നു എന്നാണ് പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി സംവിധാനം ചലിക്കാതെ പോയതിനൊപ്പം, എല്ലാവരും പ്രതികളായ തോൽവിയിൽ ചെന്നിത്തലയെ മാത്രം കുറ്റവാളിയാക്കുന്നത് തെറ്റായ സന്ദേശമാകും.
പിണറായിയെ നിയമസഭയിലും പുറത്തും നേരിടാൻ 'ഇരുത്തം' വന്ന ഒരു നേതാവിനെ തന്നെ മുന്നിൽ നിർത്തേണ്ടതുണ്ടെന്നാണ് മറ്റൊരു വാദം. പുതുമുഖങ്ങളുടെ മന്ത്രിസഭയാണെങ്കിലും പിണറായിയുടെ തലയെടുപ്പിനോട് ഏറ്റുമുട്ടാൻ സീനിയർ നേതാവു തന്നെ വേണം. തലമുറ മാറ്റത്തിനപ്പുറം, ഇക്കാര്യം പ്രധാനമാണെന്ന് വാദിക്കുകയാണ് ഉമ്മൻചാണ്ടി അടക്കമുള്ളവർ.
എന്നാൽ ചെന്നിത്തല തന്നെ തുടർന്ന് പാർട്ടിക്ക് പുതിയ മുഖം നൽകാൻ എങ്ങനെ സാധിക്കുമെന്നാണ് യുവനിരയുടെ ചോദ്യം. കോൺഗ്രസിനും യു.ഡി.എഫിനും ഭരണം കൈവിട്ട സാഹചര്യത്തെയാണ് നേരിടേണ്ടത്. ഉമ്മൻചാണ്ടിയുടെ നേതൃത്വം കഴിഞ്ഞ തവണയും ചെന്നിത്തലയുടെ നേതൃത്വം ഇത്തവണയും ജനം തിരസ്കരിച്ചു. അതേ നേതാവിനെ തന്നെ അഞ്ചു വർഷത്തിനു ശേഷം മുന്നിൽ നിർത്താൻ കഴിയുമോ എന്നാണ് 'യുവതുർക്കി'കളുടെ ചോദ്യം.
തെരഞ്ഞെടുപ്പിൽ ജയപരാജയം സ്വാഭാവികമാണെന്നും, നേതാവിനെ കുരുതി കൊടുക്കുകയല്ല, ജയിക്കാൻ പാകത്തിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നുമാണ് എതിർചേരിയുടെ മറുപടി. ഇതെല്ലാം വിശദീകരിച്ച് കേന്ദ്ര നിരീക്ഷകർ നൽകിയ റിപ്പോർട്ടുമായി തീരുമാനമെടുക്കാൻ ഹൈകമാൻഡ് തല പുകക്കുന്നു. പുതുനേതൃത്വത്തിന് ഘടകകക്ഷികളെ കൂട്ടിയിണക്കാനുള്ള കഴിവും പരിശോധിക്കുന്നു.
ജി 23 എന്ന വിമത ഗ്രൂപ് ദേശീയ നേതൃത്വത്തിനെതിരെ ഉയർത്തുന്ന വിഷയങ്ങളുമായി ഇതിനെ തട്ടിച്ചു നോക്കാതിരിക്കാനും ഹൈകമാൻഡിലുള്ളവർക്ക് കഴിയുന്നില്ല. പൂർണമായ തലമുറ മാറ്റത്തേക്കാൾ, പഴയതും പുതിയതും ഇടകലർത്തിയുള്ള നേതൃത്വം എന്നാണ് നേതൃത്വത്തിെൻറ ലൈൻ. അതല്ലെങ്കിൽ നിസ്സഹകരണം വഴി പാർട്ടി പ്രതിസന്ധിയിലാകുന്ന ദേശീയ സാഹചര്യവും നേതൃത്വത്തിനു മുന്നിലുണ്ട്.
പ്രതിപക്ഷ നേതാവിനെ ഉടൻ നിശ്ചയിച്ചേ തീരൂ. എന്നാൽ കെ.പി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് കൺവീനർ തുടങ്ങിയ മറ്റു കീറാമുട്ടികൾ ഉടൻ ഹൈകമാൻഡ് കൈയിലെടുക്കില്ല. അതിന് പാർട്ടിയിലും മുന്നണിയിലും വിശദ ചർച്ചകൾ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.