തമിഴ്നാട്ടിൽ സി.പി.എമ്മും സി.പി.ഐയും നാലു ലോക്സഭാ സീറ്റുകളിൽ മത്സരിക്കും
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യകക്ഷികളായ സി.പി.എമ്മും സി.പി.ഐയും നാലു ലോക്സഭാ സീറ്റുകളിൽ മത്സരിക്കും. മധുരയിലും ഡിണ്ടിഗലിലുമാണ് സി.പി.എം മത്സരിക്കുന്നത്. 2019ൽ മധുരയിൽ പാർട്ടി നേതാവ് എസ്. വെങ്കിടേശൻ ജയിച്ചിരുന്നു. നാഗപട്ടണത്തും തിരുപ്പൂരിലുമാണ് സി.പി.ഐ ജനവിധി തേടുക. ഡി.എം.കെ ആസ്ഥാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, സി.പി.ഐ സെക്രട്ടറി ആർ.മുത്തരശൻ എന്നിവർ നടത്തിയ ചർച്ചയിലാണ് സീറ്റ് ധാരണയായത്.
2019ൽ സി.പി.എം ജയിച്ച കോയമ്പത്തൂരിൽ ഇത്തവണ ഡി.എം.കെയാണ് മത്സരിക്കുന്നത്. ഇരു പാർട്ടികളും സമവായത്തിലെത്തിയാണ് സീറ്റുകൾ മാറിയതെന്ന് സി.പി.എം സെക്രട്ടറി കെ.ബാലകൃഷ്ണൻ പറഞ്ഞു. ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസ്, കമൽഹാസന്റെ മക്കൾ നീതി മയ്യം, വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ), സി.പി.ഐ, സി.പി.എം, എം.ഡി.എം.കെ, മുസ്‍ലിം ലീഗ്, കെ.എം.ഡി.കെ എന്നീ പാർട്ടികളാണുള്ളത്.
കമൽഹാസന്റെ പാർട്ടി ഇത്തവണ മത്സരിക്കുന്നില്ല. ഇതിനു പകരം അവർക്ക് രാജ്യസഭാ സീറ്റ് നൽകും. സംസ്ഥാനത്ത് കോൺഗ്രസ് -ഒമ്പത്, പുതുച്ചേരി --ഒന്ന്, വി.സി.കെ -രണ്ട്, എം.ഡി.എം.കെ, മുസ്‍ലിം ലീഗ്, കെ.എം.ഡി.കെ -ഒന്നു വീതം സീറ്റുകളിലും മത്സരിക്കാൻ നേരത്തെ ധാരണയായിരുന്നു. ഡി.എം.കെ 21 മണ്ഡലങ്ങളിൽ ജനവിധി തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.