ആര് വരും, ആര് മുഖ്യനാകും? കിങ്മേക്കർ കിനാവിൽ അജിത്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഏത് മുന്നണി ഭരിക്കുമെന്ന ചോദ്യത്തിനൊപ്പം മുഖ്യമന്ത്രി ആരാകുമെന്ന ഉദ്വേഗവും തുടരുന്നു. മഹായുതിയിലും മഹാവികാസ് അഘാഡി (എം.വി.എ) യിലുമായി ആറു പാർട്ടികൾ. എല്ലാവരും മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നു. മഹായുതിയിൽ ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസും ശിവസേനയിലെ ഏക് നാഥ് ഷിൻഡെയും എൻ.സി.പിയുടെ അജിത് പവാറും മുഖ്യമന്ത്രിപദ മോഹികളാണ്. 2014ൽ മുഖ്യമന്ത്രിയായ ഫഡ്നാവിസ് 2019ൽ മൂന്ന് ദിവസമാണ് ആ കസേരയിൽ ഇരുന്നത്. 2022ൽ ശിവസേന പിളർത്തി അധികാരം തിരിച്ചുപിടിച്ചപ്പോൾ വീണ്ടും മുഖ്യനാകുമെന്ന് കരുതിയതാണ്. എന്നാൽ, ഷിൻഡെക്കാണ് യോഗമൊത്തത്. ഇത്തവണ, ഷിൻഡെയുടെ നേതൃത്വത്തിലാണ് വോട്ട് തേടിയതെന്ന് ഫഡ്നാവിസ് പറയുമ്പോഴും ഭൂരിപക്ഷം കിട്ടിയാൽ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചന നൽകിയത്. മുഖ്യമന്ത്രി പദത്തിനായി ഷിൻഡെ ക്യാമ്പും ശ്രമം തുടങ്ങി. അജിത് പവാർ കിങ്മേക്കറാകുമെന്നാണ് എൻ.സി.പിയുടെ പ്രവചനം.
തൂക്കുസഭ വന്നാൽ മുഖ്യനാകാൻ അജിത് എം.വി.എയിൽ തിരിച്ചുപോകുമോ എന്ന ചോദ്യവും ഉയർന്നുതുടങ്ങി. വോട്ടെണ്ണും മുമ്പേ ‘മുഖ്യമന്ത്രിമാരുടെ’ പോസ്റ്ററുകൾ അവരവരുടെ തട്ടകങ്ങളിൽ നിരന്നുതുടങ്ങി. എം.വി.എയിൽ കോൺഗ്രസും ഉദ്ധവ് പക്ഷ ശിവസേനയും മുഖ്യമന്ത്രി പദം വേണമെന്ന സൂചന നൽകിയെങ്കിലും പവാർ പക്ഷ എൻ.സി.പി ഫലപ്രഖ്യാപനം കാക്കുകയാണ്. വിജയികളോട് നഗരത്തിലെത്താൻ ഇരുമുന്നണികളും നിർദേശം നൽകി. എം.വി.എയിലെ വിജയികളെ ഒരുകുടക്കീഴിൽ പാർപ്പിക്കുമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.