ഉദ്ധവിനെയും പവാറിനെയും തോൽപിച്ച് മഹാരാഷ്ട്ര
text_fieldsമുംബൈ: ഉദ്ധവ് താക്കറെ പക്ഷ ശിവസേനയേയും ശരദ് പവാർ പക്ഷ എൻ.സി.പിയേയും ഏറെ പിന്നിലാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനക്കും അജിത് പവാർ പക്ഷ എൻ.സി.പിക്കും വൻ വിജയം.
57 സീറ്റിൽ ഷിൻഡെ പക്ഷവും 41 സീറ്റിൽ അജിത് പക്ഷവും ജയിച്ചു. ഉദ്ധവ് പക്ഷത്തിന് 20 സീറ്റിലും പവാർ പക്ഷത്തിന് 10ലുമാണ് ജയിക്കാനായത്. കുടുംബ തട്ടകമായ ബാരാമതിയിൽ അജിത് പവാറിനെതിരെ ശരദ് പവാർ ഇറക്കിയ യുഗേന്ദ്ര പവാർ തോറ്റു. ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത്തിന്റെ ജയം. ഇത് പവാറിന് കനത്ത തിരിച്ചടിയാണ്. ശിവസേനയുടെ കോട്ടയായി കരുതപ്പെടുന്ന വർളി (ആദിത്യ താക്കറെ), മാഹിം സീറ്റുകളിൽ ഉദ്ധവ് പക്ഷത്തിന് ജയിക്കാനായി. 2022 ജൂണിൽ ഉദ്ധവ് താക്കറെ സർക്കാറിനെ അട്ടിമറിച്ച്, ശിവസേനയേ പിളർത്തി ബി.ജെ.പിക്ക് ഒപ്പം പോകുമ്പോൾ ഷിൻഡെക്കൊപ്പം 40 എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. പിന്നീട് എൻ.സി.പി പിളർത്തി അജിത് പോയതും 40 എം.എൽ.എമാരുമായാണ്.
തൊട്ടുപിന്നാലെ യഥാർഥ ശിവസേന ഷിൻഡെ പക്ഷവും എൻ.സി.പി അജിത് പക്ഷവുമാണെന്ന് തെരഞ്ഞെടുപ്പ് കമീഷനും നിയമസഭ സ്പീക്കറും വിധിച്ചു. ഇതിനെതിരെ ഉദ്ധവും പവാറും നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. യഥാർഥ ശിവസേനയും എൻ.സി.പിയും ആരുടേതെന്ന വിധികൂടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നാണ് ഇരുകൂട്ടരും പറഞ്ഞത്. പരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പിൽ സംശയം പ്രകടിപ്പിച്ച ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്ത് അദാനി പണമൊഴുകിയതിന്റെ ഫലമെന്ന് ആരോപിച്ചു. സർക്കാർ സംവിധാനത്തെ ഒന്നടങ്കം ദുരുപയോഗം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.