അമിത് ഷാക്ക് നേരെ ചെന്നൈയിൽ പ്ലക്കാർഡ് എറിഞ്ഞു; വയോധികൻ അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട് സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞയാൾ പിടിയിൽ. വാഹനവ്യൂഹത്തിൽ നിന്നിറങ്ങി ജി.എസ്.ടി റോഡിലൂടെ നടക്കുേമ്പാഴാണ് 'ഗോ ബാക്ക് അമിത് ഷാ' എന്നെഴുതിയ പ്ലക്കാർഡ് എറിഞ്ഞത്. ചെന്നൈ സ്വദേശി ദുരൈരാജാ(67)ണ് പ്രതിഷേധക്കാരനെന്ന് പോലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് അമിത് ഷാ ചെന്നൈയിലെത്തിയത്. വിമാനത്താവളത്തിന് പുറത്തുള്ള തിരക്കേറിയ ജി.എസ്.ടി റോഡിൽ പ്രോട്ടോക്കോൾ ലംഘിച്ച് അനുയായികളെ അഭിവാദ്യം ചെയ്യാനായി നടക്കവേയാണ് അപ്രതീക്ഷിത പ്രതിഷേധം നേരിട്ടത്. നടപ്പാതയ്ക്ക് സമീപം തടിച്ചുകൂടിയവർക്കിടയിൽനിന്നാണ് ബാരിക്കേഡുകൾക്ക് മുകളിലൂടെ ദുരൈരാജ് പ്ലക്കാർഡ് എറിഞ്ഞത്. അംഗരക്ഷകർ തടഞ്ഞതിനാൽ അമിത്ഷായുടെ ദേഹത്ത് തട്ടിയില്ല.
2021ൽ തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ചർച്ചകളുടെ ഭാഗമായാണ് അമിത് ഷായുടെ സന്ദർശനം. പാർട്ടി യോഗങ്ങൾക്ക് പുറമെ സർക്കാർ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. എ.ഐ.എ.ഡി.എം.കെ നേതാക്കളായ എം.ജി.ആർ, ജയലളിത എന്നിവരുടെ ശവകുടീരത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചാണ് അദ്ദേഹം പര്യടനം തുടങ്ങുക. തുടർന്ന് ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കും. അതിനുശേഷം ബി.ജെ.പി സംസ്ഥാന ഭാരവാഹികളുമായും ജില്ല പ്രസിഡൻറുമാരുമായും കൂടിക്കാഴ്ച നടത്തും.
അതേസമയം, വെള്ളിയാഴ്ച മുതൽ തന്നെ 'ഗോബാക്ക് അമിത്ഷാ' ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറിയിരുന്നു. നാല് ലക്ഷത്തിന് മുകളിൽ ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ വന്നിട്ടുള്ളത്. മുമ്പും അമിത് ഷായടക്കമുള്ള ബി.ജെ.പി നേതാക്കാൾ തമിഴ്നാട് സന്ദർശിക്കുേമ്പാൾ ഇത്തരത്തിൽ പ്രതികരണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.