''എന്‍റെ വാക്കുകൾ എഴുതിവെച്ചോളൂ... ബി.ജെ.പിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കും''
text_fieldsജയ്പൂർ: ബി.ജെ.പിയെ നേരിടാൻ ധൈര്യമില്ലാത്തവർക്ക് പാർട്ടി വിടാമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടിയെ വിലകുറച്ച് കാണരുത്. ജനലക്ഷങ്ങളുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്ന പ്രത്യയശാസ്ത്രമാണതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസം രാജസ്ഥാനിലെ ജയ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാർട്ടി മരിക്കുന്നു... കോൺഗ്രസ് പാർട്ടി ഇല്ലാതായി.... എന്നൊക്കെ പ്രചരിപ്പിക്കുന്നത് സത്യമല്ല. ജനങ്ങൾക്കിടയിൽ കോൺഗ്രസ് പാർട്ടി ഒരു അത്ഭുതമാണ്. എന്‍റെ വാക്ക് എഴുതിവെച്ചോളൂ... ബി.ജെ.പിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് പുറത്തുപോകാനാഗ്രഹിക്കുന്നവർക്ക് പോകാം. ബി.ജെ.പിയെ ഭയപ്പെടുന്നവരാണ് അവർ. അങ്ങനെയുള്ളവരെ കോൺഗ്രസിന് ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.
ഫാഷിസത്തിനെതിരെ ഉറച്ച് നിൽക്കുന്ന പ്രത്യയശാസ്ത്രമുള്ള പാർട്ടിയാണിത്. കോൺഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്തിതീർക്കാൻ ബി.ജെ.പിയും മാധ്യമങ്ങളും ശ്രമിച്ചെന്നും തനിക്കെതിരെയും ആസൂത്രിതമായ അപവാദ പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പാർട്ടിയിൽ നിലവിൽ ഒരു പ്രശ്നവുമില്ല. അഭിപ്രായ വ്യത്യാസം തുറന്ന് പറയാൻ ഇടമുള്ള പ്രസ്ഥാനമാണിത്. ചിലപ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. അതൊരു പ്രശ്നമെന്നുമല്ലെന്നും രാജസ്ഥാനിലെ പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാഹുൽ വ്യക്തമാക്കി.
കോൺഗ്രസിന്റെ ശക്തി ആത്മാർഥതയുള്ള പ്രവർത്തകരാണ്. ഹിമാചലിൽ പ്രവർത്തകരുടെ വീര്യം ജനം കണ്ടതാണ്. രാജസ്ഥാനിൽ അധികാരം നിലനിർത്തുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.