ജുഡീഷ്യറിയിലും ‘മീ ടൂ’; മുൻ വനിതാ ജഡ്ജിയുടെ ഹരജി സുപ്രീംകോടതി പരിഗണിക്കും
text_fieldsന്യൂഡൽഹി: മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയിൽനിന്നുണ്ടായ ലൈംഗിക പീഡനം തുറന്നുപറഞ്ഞതിനെ തുടർന്ന് സർവിസിൽനിന്ന് വിട്ടുപോകേണ്ടിവന്ന മുൻ വനിതാ ജഡ്ജിയുടെ ഹരജി സുപ്രീംകോടതി പരിഗണിക്കും. സർവിസിൽ തിരിച്ചെടുക്കണമെന്നാണ് മുൻ ജില്ല സെഷൻസ് ജഡ്ജിയുടെ ആവശ്യം.
വിവിധ മേഖലകളിൽ മീ ടൂ വിവാദം കത്തുന്ന സാഹചര്യത്തിൽ ഹരജി പരിഗണിച്ച ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മധ്യപ്രദേശ് ഹൈകോടതിക്ക് നോട്ടീസ് അയച്ചു. ആറാഴ്ചക്കകം ഹൈകോടതി മറുപടി നൽകണം. ഹൈകോടതി ജഡ്ജിക്കെതിരായ പരാതിയെ തുടർന്ന് 2015ൽ രാജ്യസഭയിലെ 58 അംഗങ്ങൾ ഇംപീച്ച്െമൻറ് നോട്ടീസ് നൽകിയിരുന്നു.
അന്വേഷണത്തിന് സുപ്രീംകോടതി ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ചു. സമിതി റിപ്പോർട്ട് കഴിഞ്ഞ ഡിസംബറിൽ രാജ്യസഭയിൽ വെച്ചു. ഹൈകോടതി ജഡ്ജിക്കെതിരായ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ വനിതാ ജഡ്ജിയെ സ്ഥലം മാറ്റിയത് നീതീകരിക്കാനാവില്ലെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞു.
മകളുടെ പരീക്ഷ സമയത്തുണ്ടായ സ്ഥലംമാറ്റത്തിൽ മനംനൊന്ത വനിതാ ജഡ്ജി രാജി സമർപ്പിക്കുകയായിരുന്നു. എന്നാൽ, ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായാണ് വനിതാ ജഡ്ജി ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് മുൻ ജഡ്ജിക്കുവേണ്ടി ഹാജരായി.
പരാതികൾ വനിത മന്ത്രാലയത്തിെൻറ േപാർട്ടലിൽ നൽകാം–മേനക ഗാന്ധി
ന്യൂഡൽഹി: തൊഴിൽ സ്ഥലങ്ങളിൽ നേരിടുന്ന ലൈംഗികാതിക്രമ പരാതികൾ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയത്തിെൻറ പോർട്ടലിൽ നൽകാമെന്ന് മന്ത്രി മേനക ഗാന്ധി.
മന്ത്രാലയത്തിനു കീഴിൽ രൂപവത്കരിച്ച www.shebox.nic.in എന്ന പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാം. നിയമനടപടികളിലേക്ക് നീങ്ങുന്നതിലേക്കും മറ്റു സഹായങ്ങൾക്കു വേണ്ടിയും പോർട്ടൽ വഴി പരാതി നൽകുന്നതോടെ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ എവിടെനിന്നും പരാതിപ്പെടാനും മറ്റ് ഇടപെടലുകൾ ഇല്ലാതാക്കാനും മാസങ്ങൾക്കു മുമ്പാണ് മന്ത്രാലയം പോർട്ടൽ രൂപവത്കരിച്ചത്. മീ ടൂ കാമ്പയിനിൽ ലൈംഗികാതിക്രമ പരാതികളുമായി നിരവധി സ്ത്രീകൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പോർട്ടൽ ഉപേയാഗപ്പെടുത്താൻ മേനക ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.