വെല്ലുവിളിച്ച് മോദി എട്ടാം വർഷത്തിലേക്ക്
text_fieldsന്യൂഡൽഹി: കടുത്ത പ്രതിസന്ധികൾക്കു നടുവിൽ രാജ്യം നിൽക്കേ, കൂസാത്ത മനോഭാവം കാട്ടി നരേന്ദ്ര മോദി സർക്കാർ എട്ടാം വർഷത്തിേലക്ക്. വെല്ലുവിളികൾ നെഞ്ചുവിരിച്ചു മോദി നേരിടുകയാണെന്ന ബി.െജ.പിയുടെ കൂറ്റൻ അവകാശവാദവും ജനങ്ങളെത്തന്നെ വെല്ലുവിളിച്ചാണ് മോദി മുന്നോട്ടു നീങ്ങുന്നതെന്ന പ്രതിപക്ഷത്തിെൻറ കടുത്ത വിമർശനവും ബാക്കി.
ബുധനാഴ്ചയാണ് മോദി സർക്കാർ ഏഴു വർഷം പൂർത്തിയാക്കിയത്. കോവിഡ് ലോക്ഡൗണിലൂടെ കടന്നു പോകുന്നതിനാൽ പ്രത്യേക ആഘോഷമൊന്നും ഉണ്ടായില്ല. ജനരോഷം എല്ലാറ്റിനും മേലെ ആളുന്നുമുണ്ട്. കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിൽ വന്ന വൻ വീഴ്ചയിലൂടെ ഭരണസ്തംഭനം തന്നെ സംഭവിച്ചതിലെ വ്യാപക അമർഷം ഒരു വശത്ത്. ആറു മാസമായി സമരം തുടരുന്ന കർഷകരാകട്ടെ, പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് സർക്കാറിെൻറ ഏഴാംവാർഷികം കരിദിനമായാണ് ആചരിച്ചത്.
ജനങ്ങൾക്ക് സാന്ത്വനസ്പർശം നൽകേണ്ട സർക്കാർ രാഷ്ട്രീയ താൽപര്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നുവെന്ന പരാതികൾക്കു നടുവിലാണ് വാർഷികം. ഭിന്നിപ്പിച്ചു ഭരിക്കുകയും തനിമകൾ തകർത്തെറിയുകയും ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണഘടന തന്നെയും അട്ടിമറിക്കുകയുമെല്ലാം വഴി സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കുകയല്ലാതെ, ആപൽഘട്ടത്തിൽ പോലും സർക്കാറിൽ നിന്ന് ആശ്വാസം കിട്ടുന്നില്ലെന്ന പൊതുവികാരം ശക്തം.
കേന്ദ്രത്തിെൻറ താൽപര്യപ്രകാരം ലക്ഷദ്വീപിനെ അഡ്മിനിസ്ട്രേറ്റർ ആധിക്കടലിലാക്കിയത് ഏറ്റവും പുതിയ ഉദാഹരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരായ പ്രതിഷേധ പരമ്പരകളിലാണ് വാർഷികവേള. പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ് ജമ്മു–കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ അജണ്ടയുടെ പുതിയ രൂപമാണ് ലക്ഷദ്വീപിലേത്. പൗരത്വ ഭേദഗതി നിയമം, അയോധ്യയിലെ ക്ഷേത്ര നിർമാണം തുടങ്ങിയവയിലും ഊന്നൽ വിഭാഗീയതക്ക്.
നോട്ട് നിരോധനം, ജി.എസ്.ടി മുതൽ കോവിഡ് വാക്സിൻ വരെയുള്ള ഭരണപരമായ നീക്കങ്ങളെല്ലാം ജനദ്രോഹമായി കലാശിച്ചപ്പോൾ, സർക്കാറിെൻറ നേട്ടമായി ഉയർത്തിക്കാട്ടാൻ ഒന്നുമില്ലാത്ത സ്ഥിതി തന്നെയാണ് ഏഴാം വാർഷികത്തിലും തുടരുന്നത്. ആത്മനിർഭർ, മേക് ഇൻ ഇന്ത്യ തുടങ്ങിയവയെല്ലാം പൊളിഞ്ഞ മുദ്രാവാക്യങ്ങളായി. അധികാര കേന്ദ്രീകരണത്തിലൂടെ പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങൾ കേന്ദ്ര, സംസ്ഥാന ബന്ധങ്ങളും കൂടുതൽ മോശമാക്കി.
അയൽപക്കം അടക്കം വിദേശ ബന്ധങ്ങൾ ഉരസിനീങ്ങുന്ന സ്ഥിതി. ജനങ്ങളുടെ ജീവിത ഭാരമേറ്റി രാജ്യത്ത് ഇന്ധന വിലയും കുതിക്കുന്നു.
കോവിഡിനും ലോക്ഡൗണിനുമിടയിൽ പൗരത്വ ഭേദഗതി നിയമത്തിനും കാർഷിക നിയമ പരിഷ്കാരങ്ങൾക്കും എതിരായ സമരങ്ങൾ മറികടക്കാൻ എളുപ്പമായെങ്കിലും, ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ ജനരോഷത്തിന് നടുവിലാണ് മോദിസർക്കാർ. കോവിഡിെൻറ തുടക്കനാളുകളിൽ കിണ്ണം കൊട്ടിയിറങ്ങിയ പ്രധാനമന്ത്രിക്കും ഭരണസംവിധാനത്തിനും കോവിഡ് പ്രതിരോധ നടപടികളിൽ ഉണ്ടായ വീഴ്ചയോടെ, അനുഭാവികളുടെ വികാരവും സർക്കാറിനെതിരായി. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് വിമർശനം ഉയർത്തിയത് ഈ പശ്ചാത്തലത്തിലായിരുന്നു.
പ്രതിഷേധത്തിെൻറ കനൽപാതകളിലൂടെ കൂസാതെ നെഞ്ചുവിരിച്ചു നടക്കുന്ന ശീലത്തിനപ്പുറം, പുതിയ സാഹചര്യങ്ങൾ മോദിസർക്കാറിനും ബി.ജെ.പിക്കും ഉണ്ടാക്കിയിരിക്കുന്ന ആശങ്ക ചെറുതല്ല. പശ്ചിമ ബംഗാളിലെ തിരിച്ചടി അടക്കമുള്ള സാഹചര്യം പ്രതിപക്ഷത്ത് ബദലുകളില്ലെന്ന ആത്മവിശ്വാസവും ഇടിച്ചു. അതിനിടയിലും ജനരോഷത്തെ സംഘ്പരിവാർ അജണ്ടകളിലൂടെ മറികടക്കാമെന്ന ബോധമാണ് സർക്കാറിനെ ഭരിക്കുന്നതെന്ന് കരുതുന്നവർ ഏറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.