മോദിയുടേത് ബോറൻ പ്രസംഗമെന്ന് പ്രിയങ്ക; ‘അഴിമതിയിൽ വിട്ടുവീഴ്ചയില്ലെങ്കിൽ അദാനിയെ കുറിച്ചൊരു സംവാദം നടത്തണം’
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ നടത്തിയ പ്രസംഗം ബോറടിപ്പിച്ചെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. പുതിയതോ ക്രിയാത്മകമായതോ ആയ ഒന്നും പറഞ്ഞില്ലെന്നും പ്രിയങ്ക മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
'പ്രധാനമന്ത്രി പുതിയതോ ക്രിയാത്മകമായോ ഒന്നും പറഞ്ഞില്ല. മോദിയുടെ പ്രസംഗം ബോറടിപ്പിച്ചു. എന്തെങ്കിലും പുതിയതായി പറയുമെന്നാണ് താൻ കരുതിയത്. പൊള്ളയായ 11 വാഗ്ദാനങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു.' -പ്രിയങ്ക പറഞ്ഞു.
അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെങ്കിൽ അദാനിയെ കുറിച്ച് ഒരു സംവാദമെങ്കിലും പ്രധാനമന്ത്രി നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ലോക്സഭയിൽ ഭരണഘടന ചർച്ചക്ക് തുടക്കമിട്ട് കേന്ദ്രമന്ത്രി രാജനാഥ് സിങ് നടത്തിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കന്നി പ്രസംഗത്തിൽ ചുട്ട മറുപടിയാണ് പ്രിയങ്ക ഗാന്ധി നൽകിയത്. പ്രജകളുടെ സ്ഥിതിയറിയാൻ വേഷം മാറി നടന്ന രാജാവിന്റെ കഥ കുട്ടിക്കാലത്ത് കേട്ടത് പറഞ്ഞ പ്രിയങ്ക ഇന്നത്തെ രാജാവും വേഷം മാറുന്നുണ്ടെന്ന് പറഞ്ഞു.
ഇന്നത്തെ രാജാവിന് ജനങ്ങൾക്കിടയിലേക്ക് പോകാനോ അവരെക്കുറിച്ച് ചിന്തിക്കാനോ ധൈര്യമില്ലെന്ന് പറഞ്ഞ പ്രിയങ്ക ലോക്സഭയെ ചിരിപ്പിച്ചു. പ്രതിപക്ഷത്തു നിന്ന് ആരെങ്കിലും ഭരണപക്ഷത്തേക്ക് പോയാൽ എല്ലാം കഴുകിക്കളയുന്ന വാഷിങ് മെഷീൻ അവരുടെ കൈയിൽ ഉള്ള കാര്യം ജനങ്ങൾക്കറിയാമെന്ന് പറഞ്ഞു.
പ്രതിപക്ഷത്തെ അഴുക്ക് ഭരണപക്ഷത്തിന് ശുദ്ധമാണ്. അപ്പുറത്തേക്ക് പോയ പല കൂട്ടുകാരെയും ബി.ജെ.പിയുടെ വാഷിങ് മെഷീനിലിട്ട ശേഷം പിന്നെ കണ്ടിട്ടില്ലെന്ന് പ്രിയങ്ക പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.