ബി.ജെ.പി എം.എൽ.എയെ കുരുക്കി മുംതാസിെൻറ നിയമയുദ്ധം
text_fields53 പേരുടെ മരണത്തിനും ആയിരത്തിലേറെ പേരുടെ പരിക്കിനും കോടികളുടെ നാശനഷ്ടത്തിനുമിടയായ ഡൽഹി വംശീയാക്രമണത്തിൽ ബി.ജെ.പി എം.എൽ.എയുടെയും പ്രവർത്തകരുടെയും പങ്കാളിത്തം തെളിയിക്കാനുള്ള പോരാട്ടത്തിൽ സ്വന്തം ഗലിക്കാരുടെയും സമുദായാംഗങ്ങളുടെയും രോഷമേറ്റുവാങ്ങിയ ഇരയാണ് ഖജൂരി ഖാസ് അഞ്ചാം നമ്പർ ഗലിയിലെ മുംതാസ്.
തങ്ങൾക്കൊപ്പം കഴിയുന്ന ഗുജ്ജർ സമുദായക്കാർ ഒന്നടങ്കം ബി.ജെ.പിയിൽ ചേർന്നപ്പോൾ അവരോടൊപ്പം സ്വന്തം വീടിന് മുകളിൽ ബി.ജെ.പി പതാക നാട്ടിയാൽ പാർട്ടി കാത്തുകൊള്ളുമെന്ന് കരുതിയവരായിരുന്നു ഇവിടുത്തെ മുസ്ലിം കുടുംബങ്ങളിൽ പലതും. എന്നാൽ, വടക്കുകിഴക്കൻ ഡൽഹിയിൽ ഏറ്റവും കൂടുതൽ കൊള്ളയും ആക്രമണവും അരങ്ങേറിയത് നാലും അഞ്ചും 39ഉം നമ്പർ ഗലികളിലാണ്. അതിലൊന്നായിരുന്നു ഡൽഹി വംശീയാക്രമണത്തിൽ കലാപകാരികൾ കൊള്ളയടിച്ച് കെട്ടിട ഉടമതന്നെ കൈയടക്കിയ 'സഞ്ചാർ റസ്റ്റാറൻറ്' ഉടമ മുംതാസിെൻറ അഞ്ചാം നമ്പർ ഗലിയിലെ മൂന്നുനില വീടും.
ബി.ജെ.പി സ്ഥാനാർഥിയുടെ ജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസാക്കിയ തെൻറ വീട് അതേ എം.എൽ.എ അനുയായികളുമായി വന്ന് കൊള്ളയടിച്ച് സ്ഫോടനം നടത്തി തകർക്കുന്നതും തീവെക്കുന്നതും മുംതാസിന് കണ്ടുനിൽക്കേണ്ടി വന്നു. അഭിഭാഷകർപോലും കൈയൊഴിയുമായിരുന്ന ഒറ്റപ്പെട്ട അവസ്ഥയിൽ വക്കീൽ ഫീസ് വാങ്ങാതെ സൗജന്യമായി കേസ് നടത്തുന്ന അഡ്വ. മഹ്മൂദ് പ്രാചയോടാണ് തനിക്ക് കടപ്പാടെന്ന് മുംതാസ് പറയുന്നു.
ഖജൂരിയിലെ കേസുകൾ സൗജന്യമായി ഏറ്റെടുത്തതിന് ഇരകളിലൊരാളായ മഹ്ബൂബ് ആലം തിരിച്ചുനൽകിയ പ്രതിഫലമായിരുന്നു പ്രാചക്കെതിരായ കള്ളക്കേസും തുടർന്ന് നടന്ന റെയ്ഡുമെന്ന് മുംതാസ് വിവരിച്ചു. കലാപകാരികൾ നൽകിയ കള്ളക്കേസിൽ കുടുങ്ങിയ മഹ്ബൂബ് ആലം രണ്ടാഴ്ച ജയിലിൽ കിടന്ന് പുറത്തുവന്നത് മുതൽ പൊലീസിനും സംഘ് പരിവാറിനുമൊപ്പം നിന്ന് പ്രാചക്കെതിരായ പരാതിക്കാരനായി മാറി.
തന്നെപ്പോലെ കേസ് നൽകിയവരെയെല്ലാം അതോടെ പിന്മാറി . എന്തുവന്നാലും ഒറ്റക്ക് കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മുംതാസിനൊപ്പം അഡ്വ. മഹ്മൂദ് പ്രാചയും നിന്നതോടെ ബി.ജെ.പി എം.എൽ.എ അടക്കമുള്ളവർെക്കതിരെ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കാൻ ഡൽഹി കോടതി ആവശ്യപ്പെട്ടു.
എം.എൽ.എ മോഹൻ സിങ് ബിഷ്ടിെൻറയും ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെയും പേരുവിവരം ചേർത്ത് തെളിവ് സമർപ്പിച്ചത് മുതൽ തുടങ്ങിയതാണ് മുംതാസിനു മേൽ നാനാവഴിക്കുള്ള സമ്മർദങ്ങൾ. ഖജൂരി ഖാസിലെ ഗലികളിലെ 45േലറെ വീടുകളും പള്ളികളും സ്ഥാപനങ്ങളും ബി.ജെ.പി എം.എൽ.എയുടെ നേതൃത്വത്തിൽ വന്ന സംഘം രാസവസ്തുക്കളും ബോംബുകളുമെറിഞ്ഞ് കത്തിക്കുന്നതും ജനങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതും നേരിൽ കണ്ടപ്പോൾ സ്വന്തം മൊബൈലിൽ പകർത്തി തെളിവായി കോടതിയിൽ സമർപ്പിച്ചതോടെയാണ് മുംതാസിന് മേൽ സമ്മർദങ്ങളും ഭീഷണിയുമുയർന്നത്.
ഖജൂരി െപാലീസ് സ്റ്റേഷനിൽനിന്ന് ഏറ്റവുമൊടുവിൽ തിങ്കളാഴ്ചയും മുംതാസിന് ഫോൺ വന്നു. മോഹൻ സിങ് ബിഷ്ട് എം.എൽ.എയെ താങ്കൾ കണ്ണു കൊണ്ട് കണ്ടോ എന്നായിരുന്നു പൊലീസിെൻറ മാറാത്ത സംശയം. ഗലികളിൽ കലാപകാരികൾക്കൊപ്പം ബിഷ്ട് ഉണ്ടായിരുന്നുവെന്നും ബിഷ്ടിെൻറ ഡ്രൈവർ രാസവസ്തുക്കൾ എറിഞ്ഞ് തെൻറ വീട്ടിൽ സ്ഫോടനം നടത്തിയെന്നും മുംതാസ് പറഞ്ഞപ്പോൾ എങ്കിൽ ഒരു പ്രാവശ്യം കൂടി ഇതെല്ലാമൊന്ന് എഴുതിത്തരൂ എന്ന് പറഞ്ഞ് ഖജൂരി പൊലീസ് സംഭാഷണം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.