ജയ് ശ്രീറാം വിളിച്ചില്ല; മുസ്ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു; സംഭവം മുംബൈ ടാറ്റ ആശുപത്രിക്കു മുന്നിൽ -വിഡിയോ
text_fieldsമുംബൈ: ജയ് ശ്രീറാം വിളിക്കാൻ തയാറാകാത്തതിന് മുസ്ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു. മുംബൈ ടാറ്റ ആശുപത്രിക്കു മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ആശുപത്രിക്കു മുന്നിൽ സൗജന്യമായി ഭക്ഷണ വിതരണം നടത്തിയിരുന്നത്. ഭക്ഷണത്തിനായി ആളുകൾക്കിടയിൽ വരിനിൽക്കുന്ന മുസ്ലിം യുവതിയെ കണ്ടതും വിതരണം നടത്തുന്നവരിലെ പ്രായമായൊരാൾ അവരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ഭക്ഷണം വേണമെങ്കിൽ ജയ് ശ്രീറാം വിളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. യുവതി അതിന് തയാറായില്ല. ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ ഭക്ഷണവും തരില്ലെന്ന് ഇദ്ദേഹം രോഷാകുലനായി പറയുന്നത് വിഡിയോയിൽ കാണാം.
രാമൻ എന്ന് വിളിക്കാത്തവർ ഭക്ഷണത്തിനായി വരി നിൽക്കരുതെന്നും പറയുന്നത് കേൾക്കാം. പിന്നാലെ യുവതിയോട് അവിടുന്നു പോകാനും ഇല്ലെങ്കിൽ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. എൻ.ജി.ഒയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ഭക്ഷണ വിതരണക്കാരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് പലരും രംഗത്തെത്തി.
‘ജയ് ശ്രീറാം വിളിക്കാത്തതിന്‍റെ പേരിൽ ഭക്ഷണം നിഷേധിച്ചെങ്കിൽ അവർ എൻ.ജി.ഒ അല്ല! ലജ്ജാകരം’ -എന്നാണ് വിദ്യ എന്ന യൂസർ പ്രതികരിച്ചത്. ‘എൻ.ജി.ഒക്ക് സാമ്പത്തിക സഹായം നൽകുന്നത് ബി.ജെ.പി-ആർ.എസ്.എസ് ആണെങ്കിൽ അത്ഭുതമില്ല. ഇത് പാൻ ഇന്ത്യയിലാണ് നടക്കുന്നത്. ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വ്യാപകമായി വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുകയാണ്’ -മറ്റൊരാൾ കുറിച്ചു.
സംഭവം പ്രദേശിക പൊലീസിൽ അറിയിച്ചെങ്കിലും ഇതുവരെ വിതരണക്കാർക്കെതിരെ നടപടിയെടുക്കാൻ തയാറായിട്ടില്ല. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ ന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.