അജ്ഞാത പനി പടരുന്നു; ഹരിയാനയിൽ 10 ദിവസത്തിനിടെ മരിച്ചത് എട്ട് കുട്ടികൾ
text_fieldsചണ്ഡീഗഡ്: ഹരിയാനയിലെ ഗ്രാമത്തിൽ അജ്ഞാത പനി ബാധിച്ച് 10 ദിവസത്തിനിടെ മരിച്ചത് എട്ട് കുട്ടികൾ. പൽവാൽ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി പനി പടരുന്നത്. 44 പേരെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ 35 പേരും പ്രായപൂർത്തിയാകാത്തവരാണ്.
പനിയുടെ കാരണം ആരോഗ്യവിഭാഗത്തിന് കൃത്യമായി തിരിച്ചറിയാനായിട്ടില്ലെങ്കിലും ഡെങ്കിപ്പനിയാവാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പനിബാധിച്ച് ആശുപത്രിയിലുള്ളവരിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറവുള്ളതും ഡെങ്കി സംശയം ഉയർത്തുന്നുണ്ട്.
ഡെങ്കിപ്പനിയെ കരുതിയിരിക്കാനും ശുചിത്വം പാലിക്കാനുമുള്ള മുൻകരുതലുമായി ആരോഗ്യവകുപ്പ് അധികൃതർ വീടുകളിൽ സന്ദർശനം നടത്തുന്നുണ്ട്. പനിയുടെ കാരണം സ്ഥിരീകരിക്കാനുള്ള പരിശോധനകളും നടത്തുന്നതായി മെഡിക്കൽ ഓഫിസർ വിജയകുമാർ വ്യക്തമാക്കി.
ആരോഗ്യവകുപ്പ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ കുട്ടികളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. എട്ട് കുട്ടികൾ ഇതുവരെ മരിച്ചു. മലിനജലം കാരണമാകാം ഇത്. എന്നാൽ, ഡെങ്കിപ്പനി പരിശോധന നടത്തിയിട്ടില്ല. ആശ വർക്കർമാർ അവരുടെ സെന്‍ററിൽ വരുന്നതല്ലാതെ ഗ്രാമത്തിലേക്ക് ഇറങ്ങുന്നില്ല. ആരോഗ്യ സൗകര്യമൊന്നും ഇവിടെ ഒരുക്കുന്നില്ല -ചില്ലി ഗ്രാമത്തലവൻ നരേഷ് കുമാർ വ്യക്തമാക്കി.
അതേസമയം, വൈറൽ പനിയാണെങ്കിലും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുമെന്ന് അധികൃതർ പറയുന്നു. പനിയുടെ കാരണം കണ്ടെത്താൻ വിശദപരിശോധനക്കൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.