ഹൈഡ്രോപോണിക് രീതിയിൽ കഞ്ചാവ് കൃഷി, ലക്ഷങ്ങളുടെ മയക്കുമരുന്ന്; ഗോവയിൽ റഷ്യൻ ഒളിമ്പിക് മെഡൽ ജേത്രിയടക്കം മൂന്നുപേർ പിടിയിൽ
text_fieldsമുംബൈ: റഷ്യക്കാരിയായ ഒളിമ്പിക് മെഡൽ ജേത്രിയടക്കമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മൂന്നു പേർ ഗോവയിൽ പിടിയിൽ. അരംബോൾ മേഖലയിൽനിന്ന് എസ്. വർഗനോവ, ആന്ദ്രെ എന്നീ റഷ്യൻ സ്വദേശികളും പ്രദേശവാസിയായ ആകാശ് എന്നയാളുമാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പിടിയിലായത്. ആന്ദ്രെയുടെ ഇവിടത്തെ താമസസ്ഥലത്ത് ഹൈഡ്രോപോണിക് രീതിയിൽ കഞ്ചാവ് ചെടി വളർത്തുന്നതായി കണ്ടെത്തി. ഇവരിൽനിന്ന് വിവിധതരം മയക്കുമരുന്നുകളും പിടിച്ചെടുത്തതായി എൻ.സി.ബി പറഞ്ഞു.
1980ൽ ഒളിമ്പിക്സിൽ റഷ്യക്കുവേണ്ടി വെള്ളിമെഡൽ നേടിയ ആളാണ് വർഗനോവ. മുൻ പൊലീസുകാരനാണ് ആന്ദ്രെ. രണ്ടാഴ്ചയായി നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് സംഘത്തെ വലയിലാക്കിയത്. 4.88 ലക്ഷം രൂപ, 88 എൽ.എസ്.ഡി ബ്ലോട്ടുകൾ, 8.8 ഗ്രാം കൊക്കെയ്ൻ, 242.5 ഗ്രാം ചരസ്, 1.44 കിലോഗ്രാം കഞ്ചാവ് ചെടി, 16.49 ഗ്രാം ഹഷീഷ് ഓയിൽ, ഹഷീഷ് കേക്ക് തുടങ്ങിയവ പരിശോധനയിൽ പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.
ഗോവയിലെ അരംബോളിലും മറ്റു പലയിടങ്ങളിലും മയക്കുമരുന്ന് വിൽപനയിൽ സജീവമായ സംഘമാണിതെന്നും വിദേശികൾക്ക് മയക്കുമരുന്ന് വിൽപന നടത്തുന്നത് വർഗനോവ ആണെന്നും എൻ.സി.ബി അധികൃതർ പറഞ്ഞു. റഷ്യക്കാരന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് ആകാശിന്റെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.