'അടുത്ത തവണ ചന്ദ്രനിലേക്ക് നിങ്ങളേയും അയക്കാം'; തൊഴിലന്വേഷിച്ച യുവതിയെ പരിഹസിച്ച് ഹരിയാന മുഖ്യമന്ത്രി
text_fieldsചണ്ഡീഗഢ്: തൊഴിലന്വേഷിച്ച യുവതിയെ പരിഹസിച്ച് ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർലാൽ ഖട്ടർ. ഗ്രാമത്തിൽ ഫാക്ടറി തുടങ്ങിയാൽ എല്ലാവർക്കും തൊഴിൽ ലഭിക്കില്ലേ എന്ന് ചോദിച്ച യുവതിയെയാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ വെച്ച് അപമാനിച്ചത്. അടുത്ത തവണ ചന്ദ്രയാൻ നാലിനൊപ്പം ഞങ്ങൾ നിങ്ങളേയും ചന്ദ്രനിലേക്ക് അയക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം മുഖ്യമന്ത്രിയെ വിമർശിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരമൊരു മുഖ്യമന്ത്രി ഉണ്ടായതിൽ ലജ്ജ തോന്നുന്നു. ജനങ്ങളെ സേവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് പൊതുജനങ്ങളെ കളിയാക്കുകയാണെന്ന് ആം ആദ്മി പാർട്ടി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
തൊഴിൽ ചോദിച്ചു എന്നതാണ് ആ സ്ത്രീ ചെയ്ത തെറ്റ്. മോദിയുടെ കോടീശ്വരരായ സുഹൃത്തുക്കൾ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി അവരെ ആശ്ലേഷിക്കുകയും സർക്കാറിനെ മുഴുവൻ അവരുടെ സേവനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ, വൈദ്യുതി, റോഡ്, വെള്ളം തുടങ്ങി പൊതുജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളിലേക്ക് വരുമ്പോൾ ഖട്ടറിന് സമനില നഷ്ടപ്പെടുമെന്ന് ആം ആദ്മി പാർട്ടി നേതാവ് ധൻ രാജ് ബൻസൽ സംഭവത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.