വാക്സിൻ നികുതിയിളവിന് തയാറാകാതെ കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് അവശ്യസാധനങ്ങളുടെ നികുതിയിളവ്, സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്യാൻ ചേർന്ന കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗൺസിൽ യോഗം അന്തിമ തീരുമാനമില്ലാതെ അപൂർണം.
കോവിഡ് വാക്സിെൻറയും മരുന്ന്, വെൻറിലേറ്റർ, ഓക്സിജൻ സംവിധാനങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ ജി.എസ്.ടി എടുത്തുകളയണമെന്ന് കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ വാദിച്ചെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ഇതേക്കുറിച്ച് പഠിച്ച് ജൂൺ എട്ടിന് തീരുമാനം പ്രഖ്യാപിക്കാൻ മന്ത്രിതല സമിതിക്ക് വിട്ടു.
വാക്സിന് അഞ്ചു ശതമാനവും മറ്റുള്ളവക്ക് 12 ശതമാനവും നികുതിയാണ് ഈടാക്കുന്നത്. സർക്കാർ ആശുപത്രികളിലൂടെ നൽകുന്ന വാക്സിൻ ഇപ്പോൾതന്നെ സൗജന്യമാണ്. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ, വെൻറിലേറ്റർ തുടങ്ങിയവക്ക് നികുതി ഇളവു നൽകിയാൽ അതിെൻറ പ്രയോജനം ഗുണഭോക്താക്കൾക്ക് കിട്ടിയെന്നു വരില്ലെന്ന ന്യായമാണ് കേന്ദ്രസർക്കാർ ഉന്നയിച്ചത്.
ബ്ലാക് -ഫംഗസ് ചികിത്സക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് ഐ.ജി.എസ്.ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് സൗജന്യമായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഐ.ജി.എസ്.ടി എടുത്തുകളഞ്ഞു. ജി.എസ്.ടി റിട്ടേൺ വൈകിമാത്രം സമർപ്പിക്കുന്ന ചെറുകിട നികുതിദായകർക്ക് കാലതാമസം വരുത്തിയതിനുള്ള ഫീസ് കുറക്കും. ത്രൈമാസ റിട്ടേൺ സമർപ്പിക്കുന്ന രീതി തുടരും.
സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് പോരായ്മ വരുന്ന 1.58 ലക്ഷം കോടി രൂപ കേന്ദ്രം കടമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ തവണ പോരായ്മ നികത്തി നൽകിയ രീതി തുടർന്നേക്കും. ജി.എസ്.ടി നടപ്പാക്കിയതു വഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തുന്ന രീതി ആദ്യത്തെ അഞ്ചു വർഷത്തിനു ശേഷവും തുടരണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം ചർച്ചചെയ്യുന്നതിന് ജി.എസ്.ടി കൗൺസിലിെൻറ പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.