‘മൂന്നോ നാലോ ഭാര്യമാർ ഉള്ളവർക്കേ ഏക സിവിൽ കോഡ് പ്രശ്നമാകൂ’; ഗോവയിൽ ഒരു പ്രശ്നവുമില്ലെന്നും പ്രമോദ് സാവന്ത്
text_fieldsമുംബൈ: ഒന്നിലേറെ ഭാര്യമാർ ഉള്ളവർക്ക് മാത്രമേ ഏക സിവിൽ കോഡ് പ്രശ്നമാകൂവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയാണ് രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്നും ഒരു സമുദായത്തിനും അതുമൂലം പ്രശ്നമുണ്ടായിട്ടില്ലെന്നും സാവന്ത് പറഞ്ഞു. രാജ്യവ്യാപകമായി സിവിൽ കോഡ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയിൽ ലോക ഹിന്ദു ഇക്കണോമിക് ഫോറത്തിന്‍റെ ആഗോള സമ്മേളനത്തിലായിരുന്നു സാവന്തിന്‍റെ പരാമർശം.
കേന്ദ്രമന്ത്രിസഭ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതിക്ക് അംഗീകാരം നൽകിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഗോവ മുഖ്യമന്ത്രി ആവശ്യവുമായി രംഗത്തുവന്നത്. 1961 മുതൽ സംസ്ഥാനത്ത് നിലവിലുള്ള ഏക സിവിൽ കോഡ് കാരണം ഹിന്ദുക്കൾക്കോ കത്തോലിക്കർക്കോ മുസ്‌ലിംകൾക്കോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഒരാൾക്ക് ഒരു ഭാര്യ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നും മൂന്നോ നാലോ ഭാര്യമാർ ഉള്ളവർക്കാണ് ഏക സിവിൽ കോഡ് ബുദ്ധിമുട്ടാകുന്നതെന്നും സാവന്ത് പറഞ്ഞു,
“ഏക സിവിൽ കോഡ് രാജ്യവ്യാപകമായി നടപ്പാക്കുന്നതിൽ ആർക്കാണ് പ്രശ്നമെന്ന് നമുക്കറിയാം. ഏക സിവിൽ കോഡ് പ്രകാരം വിവാഹശേഷം ഭാര്യാഭർത്താക്കന്മാർക്ക് സ്വത്തുക്കളിൽ തുല്യ അവകാശമായിരിക്കും. എനിക്ക് ഒരു ഭാര്യ മാത്രമാണെങ്കിൽ, സ്വത്ത് വിഭജനത്തിൽ ഒരു പ്രശ്നവുമുണ്ടാകില്ല, മൂന്നോ നാലോ പേരുമായി അത് പങ്കിടേണ്ടിവരുന്നില്ല. ഏക സിവിൽ കോഡിലൂടെ വിവാഹം, ജനനം, മരണം എന്നിവയുടെയെല്ലാം രജിസ്ട്രേഷൻ എല്ലാവർക്കും ഒരുപോലെയാകും” -സാവന്ത് പറഞ്ഞു. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.