മധ്യപ്രദേശ് ‘കൈ’പിടിക്കും; കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ച് അഭിപ്രായ സർവേ
text_fieldsന്യൂഡൽഹി: വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷം നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സ്വകാര്യ ഏജൻസിയുടെ സർവേ. 130 മുതൽ 135 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണു ലോക്പോൾ നടത്തിയ സർവേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് 90 മുതൽ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.
ബി.എസ്.പി രണ്ടു വരെ സീറ്റുകളും മറ്റുള്ളവർ അഞ്ചുവരെ സീറ്റുകളും നേടുമെന്നും പറയുന്നു. സംസ്ഥാനത്തെ 230 മണ്ഡലങ്ങളിൽ നിന്നായി 1,72,000 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയത്. ഒരു നിയമസഭാ മണ്ഡലത്തിൽനിന്ന് 750 വോട്ടർമാരെയാണ് സർവേയുടെ ഭാഗമാക്കിയത്. ജൂൺ 13 മുതൽ ജൂലൈ 15 വരെയായിരുന്നു സർവേ നടത്തിയത്. 40 മുതൽ 43 ശതമാനം വരെ വോട്ടുവിഹിതമാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 38 മുതൽ 41 ശതമാനം വരെ വോട്ടുവിഹിതം ബി.ജെ.പിക്കും മറ്റുള്ളവർക്ക് 13 ശതമാനം വരെ വോട്ടുവിഹിതവും.
സംസ്ഥാനത്തെ ഏഴു മേഖലകളിൽ അഞ്ചിടത്തും കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു. ഗ്വാളിയാർ-ചമ്പൽ (21-23 സീറ്റുകൾ), വിന്ദ്യ (17-19), മഹാകുശാൽ (30-33), മാൾവ (29-32), നിമർ (10-12) എന്നീ മേഖലകളിൽ കോൺഗ്രസ് മുന്നിലെത്തും. നർമദ (21-23 സീറ്റുകൾ), ബുണ്ടേൽഖണ്ഡ് (14-16) മേഖലയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. മധ്യപ്രദേശിൽ കർണാടക ആവർത്തിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.