പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു
text_fieldsന്യൂഡൽഹി: പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കുന്നതിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. തുടർന്ന് ഡൽഹിയിലെ സകേത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ചികിത്സ തേടിയിരുന്നു.
പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം, ഗാനരചന എന്നീ മേഖലകളിലും ബിർജു മഹാരാജ് തിളങ്ങി. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ അദ്ദേഹം നൃത്തപരിപാടികൾ അവതരിപ്പിച്ചിരുന്നു. ഡൽഹിയിൽ കലാശ്രമം എന്ന പേരിൽ കഥക് കളരിയും നടത്തിവരികയായിരുന്നു.
ലഖ്നോവിലെ കഥക് നർത്തകരുടെ കുടുംബത്തിൽ 1938ലായിരുന്നു ജനനം. അദ്ദേഹത്തിന്റെ അമ്മാവൻമാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് പിതാവ് ജഗന്നാഥ് മഹാരാജ് (അച്ചൻ മഹാരാജ്) എന്നിവർ പ്രശസ്ത കഥക് നർത്തകരായിരുന്നു.
കഥക് യുഗാന്ത്യം
നൃത്താസ്വാദകർക്ക് മെയ്വഴക്കത്തിെൻറയും ചടുലചലനത്തിെൻറയും ആൾരൂപം. സംഗീതപ്രേമികൾക്ക് ഹാർമോണിയത്തിലും തബലയിലും വിരൽമീട്ടുന്ന മാന്ത്രികൻ. അക്ഷരപ്രേമികൾക്ക് മികച്ച പാട്ടെഴുത്തുകാരൻ. ശിഷ്യന്മാർക്ക് സദ്ഗുരു -അന്തരിച്ച കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അരങ്ങൊഴിഞ്ഞത് ഒരുപാട് സിംഹാസനങ്ങൾ അനാഥമാക്കിയാണ്. അദ്ദേഹത്തിെൻറ വിയോഗത്തെ ഒരു യുഗാന്ത്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെ.
84െൻറ ചെറുപ്പത്തിലേക്ക് നടന്നടുക്കുകയായിരുന്നു അദ്ദേഹം. കൊച്ചുമക്കൾക്കൊപ്പം അന്താക്ഷരി കളിച്ചിരിക്കുമ്പോഴാണ് മരണം മാടിവിളിച്ചത്. ഡൽഹി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴാം വയസ്സിൽ തുടങ്ങി 83ലും തുടർന്ന ആ നടനത്തികവിനുമുന്നിൽ മരണം ജയിച്ചു. കലക്കും സംഗീതത്തിനുമുണ്ടായ തീരാനഷ്ടമാണ് ബിർജുവിെൻറ മരണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു. കഥകിനെ ആഗോള ശ്രദ്ധയിലെത്തിച്ച മഹാനായ കലാകാരന് ആദരാഞ്ജലി അർപ്പിക്കുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കലാലോകത്തിന് നികത്താനാവാത്ത നഷ്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. അവതരണകലക്കുണ്ടായ കനത്ത നഷ്ടമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. എക്കാലവും ഓർമിക്കപ്പെടുന്ന സമാനതകളില്ലാത്ത കലാകാരന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ചു.
നൃത്തത്തിനൊപ്പം വിനയവും അഴകും സൗന്ദര്യവും ഇഴചേർക്കണമെന്ന് പഠിപ്പിച്ചത് നന്ദിയോടെ എക്കാലവും ഓർക്കുമെന്ന് നടി മാധുരി ദീക്ഷിത് ട്വീറ്റ് ചെയ്തു. ഒരു ഇതിഹാസം മൺമറഞ്ഞതിൽ രാജ്യം തേങ്ങുന്നുവെന്നാണ് മുതിർന്ന നടിയും എം.പിയുമായ ഹേമമാലിനി കുറിച്ചത്. ഇന്നും ഇനിയങ്ങോട്ടും സ്വർഗം നൃത്തശാലയാകുമെന്ന് സരോജ് മാന്ത്രികൻ അംജദ് അലിഖാനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.