യു.പിയിൽ ആദിവാസി യുവാവിന്റെ വായിൽ മൂത്രമൊഴിച്ചു; രണ്ടുപേർ പിടിയിൽ
text_fieldsലഖ്നോ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ തലയിൽ ബി.ജെ.പി നേതാവ് മൂത്രമൊഴിച്ചതിന്റെ വിവാദം കെട്ടടങ്ങും മുമ്പ് ഉത്തർപ്രദേശിലും സമാനസംഭവം. യു.പിയിലെ സോൻഭദ്ര ജില്ലയിൽ ആദിവാസി യുവാവിന്റെ വായിൽ ഒരാൾ മൂത്രമൊഴിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
കുസ്പർവയിലെ ഘടിഹത തോല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വിഡിയോ പ്രചരിച്ചതോടെ യുപി പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ഇവർ ഇരയുടെ സുഹൃത്തുക്കളാണെന്ന് സോൻഭദ്ര പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
സോൻഭദ്രയിൽ ഈമാസം വാർത്തയിൽ ഇടം പിടിച്ച രണ്ടാമത്തെ ദലിത് പീഡനമാണിത്. ജൂലൈ ആദ്യം ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവിനെ ഉയർന്ന ജാതിക്കാരൻ മർദിക്കുകയും കാലുകൾ നക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ തേജ്ബാലി സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. എസ്‌സി/എസ്ടി ആക്‌ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റുവകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ദേഹത്ത് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ചത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രവേശൻ ശുക്ല എന്നയാളാണ് ദഷ്മത് റാവത്ത് എന്ന ആദിവാസി യുവാവിന്റെ ദേഹത്ത് പരസ്യമായി മൂത്രമൊഴിച്ചത്. ശുക്ലക്കെതിരെ ദേശീയ സുരക്ഷാ നിയമ (എൻഎസ്‌എ) പ്രകാരം കേസെടുത്തിരുന്നു. ബി.ജെ.പി ഭരിക്കുന സംസ്ഥാനത്ത് ദലിതർക്ക് നേരെ നടക്കുന്ന പീഡനം വൻ വിവാദമായതോടെ മുഖം രക്ഷിക്കാൻ പ്രതി ശുക്ലയുടെ സിദ്ധിയിലെ വീടിന്റെ അനധികൃത ഭാഗം ജെ.സി.ബി ഉപയോഗിച്ച് തകർക്കുകയും ഇരയുടെ കാൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കഴുകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.