കേരളത്തിൽ ഏഴ് ഇ.എസ്.ഐ ഡിസ്പെൻസറികൾക്ക് അനുമതി
text_fieldsന്യൂഡൽഹി: കേരളത്തിൽ ഏഴു പുതിയ ഇ.എസ്.ഐ ഡിസ്പെൻസറികൾ തുടങ്ങാൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷെൻറ സമ്പൂർണ ബോർഡ് യോഗം അനുമതി നൽകി. ബാലുശേരി, താമരശേരി, ആലത്തൂർ, കൂറ്റനാട്, കൂത്താട്ടുകുളം, റാന്നി, വെഞ്ഞാറമൂട് എന്നിവിടങ്ങളിലാണ് ഡിസ്പെൻസറി തുറക്കുന്നത്.
കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡൽ ഹോസ്പിറ്റലിൽ കിടക്കകളുടെ എണ്ണം 300 ആയി ഉയർത്തുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുന്നതിനും അനുമതിയായി. ഋഷികേശിൽ നടന്ന ബോർഡ് യോഗത്തിൽ തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് അധ്യക്ഷനായിരുന്നു. ഇ.എസ്.ഐ ആനുകൂല്യത്തിനുള്ള വേതന പരിധി 21,000ൽ നിന്ന് 30,000 രൂപയാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതായി യോഗത്തിൽ പങ്കെടുത്ത കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയംഗവും ബി.എം.എസ് അഖിലേന്ത്യ സെക്രട്ടറിയുമായ അഡ്വ. വി. രാധാകൃഷ്ണൻ പറഞ്ഞു.
സാമൂഹിക സുരക്ഷചട്ടം ബാധകമാകുന്ന അസംഘടിത മേഖല തൊഴിലാളികളെ ഇ.എസ്.ഐ കോർപറേഷെൻറ പരിധിയിൽ കൊണ്ടുവരാൻ ബോർഡ് യോഗം തീരുമാനിച്ചു. ഇതിെൻറ അടിസ്ഥാന കാര്യങ്ങൾ, വിഹിതം, ആനുകൂല്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിശദ റിപ്പോർട്ട് തയാറാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ഒന്നരക്കോടി തൊഴിലാളികളെ ആദ്യഘട്ടത്തിൽ ഇ.എസ്.ഐയുടെ പരിധിയിൽ കൊണ്ടുവരാനാണ് ലക്ഷ്യം. പ്ലാേൻറഷൻ മേഖലയെ ഇ.എസ്.ഐക്ക് കീഴിൽ കൊണ്ടുവരും.
സംസ്ഥാനങ്ങളിലെ ഇ.എസ്.ഐ പ്രവർത്തനം അവലോകനം ചെയ്യാൻ സംസ്ഥാന തൊഴിൽ മന്ത്രിമാരുടെ യോഗം വിളിക്കും. ചികിത്സ, മെഡിക്കൽ റീ ഇംബേഴ്സ്മെൻറ് തുടങ്ങിയ കാര്യങ്ങളിലെ പരാതികൾ യോഗം ചർച്ച ചെയ്യും. കോവിഡ്കാല തൊഴിലില്ലാ വേതനത്തിെൻറ കാലാവധി അടുത്ത മാർച്ച് 31 വരെ നീട്ടി. കോവിഡുകാലത്ത് രോഗകാല ആനുകൂല്യം ലഭിക്കുന്നതിന് മിനിമം വേതന ദിനങ്ങൾ 78ൽ നിന്ന് 39 ദിവസമായി കുറച്ചു വിജ്ഞാപനം വൈകാതെ ഇറക്കും. ഇ.എസ്.ഐ ആശുപത്രികളിൽ ചികിത്സ സൗകര്യം കുറവായ രോഗികൾക്ക്, പാനലിൽപെടുന്ന സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള സൗകര്യം നൽകാനും തീരുമാനിച്ചു.
ഇ.എസ്.ഐ ചികിത്സകേന്ദ്രത്തിലേക്ക് 10 കി.മീറ്ററിൽ കൂടുതലാണ് ദൂരമെങ്കിൽ നേരിട്ട് ഈ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.