‘സമാധാനമുള്ള കർണാടക’; വിദ്വേഷപ്രചാരണം തടയാൻ ഹെൽപ് ലൈൻ തയാറാക്കാൻ ആലോചന
text_fieldsബംഗളൂരു: സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നവർക്കെതിരെ നടപടിയെടുക്കാനും അത്തരക്കാരെ കണ്ടെത്താനും സർക്കാർ തലത്തിൽ ഹെൽപ് ലൈൻ തയാറാക്കാൻ ആലോചന. ഇത്തരത്തിൽ ‘സമാധാനമുള്ള കർണാടക’ എന്ന പേരിൽ സംവിധാനം നടപ്പാക്കണമെന്ന് മന്ത്രി എം.ബി പാട്ടീൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവരോട് ആവശ്യപ്പെട്ടു.
ബി.ജെ.പി സർക്കാറിന്റെ കാലത്തുണ്ടായിരുന്നതുപോലെ ഇനി വിദ്വേഷം പ്രചരിപ്പിച്ചാൽ സർക്കാർ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആരും വിദ്വേഷപ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തകയാണ് ഹെൽപ് ലൈനിലൂടെ ലക്ഷ്യമിടുന്നത്.
കോൺഗ്രസ് സർക്കാർ ബി.ജെ.പി പ്രവർത്തകർക്കെതിരെയെടുക്കുന്ന കേസുകളിൽ അവരെ സഹായിക്കാനായി അഭിഭാഷകരടങ്ങുന്ന സംഘത്തെയും ഹെൽപ് ലൈനും ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ബംഗളൂരു സൗത്ത് എം.പിയും യുവമോർച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ പറഞ്ഞിരുന്നു.
ഇതിനെ തുടർന്നാണ് മന്ത്രി പാട്ടീൽ പ്രസ്താവന നടത്തിയത്. വികസനം, ഉയർച്ച, ബ്രാന്റ് കർണാടകയെ സംരക്ഷിക്കൽ എന്നിവയാണ് കോൺഗ്രസ് സർക്കാറിന്റെ ലക്ഷ്യമെന്നും ഇതിന് ഭംഗം വരുത്താൻ അനുവദിക്കില്ലെന്നും പാട്ടീൽ പറഞ്ഞു. ഹിന്ദുത്വനേതാവും എഴുത്തുകാരനുമായ ചക്രവർത്തി സുലിബലെക്ക് കഴിഞ്ഞ ദിവസം വിദ്വേഷരചനകൾ നടത്തുന്നതിനെതിരെ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ നാലുവർഷം ചെയ്തതുപോലെ വിദ്വേഷകാര്യങ്ങൾ ചെയ്താൽ, ഹിജാബ്, ഹലാൽ, ബാങ്കുവിളി തുടങ്ങിയ പോലുള്ള കാര്യങ്ങളിൽ കുപ്രചാരണം നടത്തിയാൽ ഇനിയുള്ള കാലം അയാൾക്ക് ജയിലിൽ കിടക്കേണ്ടിവരുമെന്നും മന്ത്രി പാട്ടീൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.