പ്രധാനമന്ത്രിക്ക് സുരക്ഷവീഴ്ച; പഞ്ചാബ് സർക്കാരിനെ വിമർശിച്ച് ബി.ജെ.പി; പരിഹാസവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷവീഴ്ചയുണ്ടായ സംഭവത്തിൽ പഞ്ചാബിലെ കോൺഗ്രസ് സർക്കാറിനെ വിമർശിച്ച് ബി.ജെ.പി. പഞ്ചാബിലെ പ്രധാനമന്ത്രിയുടെ പരിപാടികൾ അട്ടിമറിക്കാൻ കോൺഗ്രസ് സർക്കാർ വൃത്തികെട്ട കളി കളിക്കുകയാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ ആരോപിച്ചു.
പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷവീഴ്ച ആശങ്കയുയർത്തുന്നതാണ്. പാത സുരക്ഷിതമാണെന്ന് പഞ്ചാബ് ഡി.ജി.പി എസ്.പി.ജിക്ക് ഉറപ്പുനൽകിയതിനു ശേഷമാണ് പ്രധാനമന്ത്രിയുടെ യാത്രപഥത്തിലേക്ക് പ്രക്ഷോഭകർക്ക് പ്രവേശനാനുമതി നൽകിയതെന്നും നഡ്ഡ ആരോപിച്ചു.
പ്രധാനമന്ത്രിയെ അപായപ്പെടുത്താനാണ് പഞ്ചാബിലെ ഭരണകക്ഷി ശ്രമിച്ചതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. പ്രധാനമന്ത്രിയെ കോൺഗ്രസിന് വെറുപ്പാണെന്ന് നമുക്കറിയാം. പക്ഷേ, ഇന്ന് അവർ നമ്മുടെ പ്രധാനമന്ത്രിയെ അപകടപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു - സ്മൃതി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ക്രമസമാധാന പാലനത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്ത് ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു. പാകിസ്താൻ അതിർത്തിയിൽ നിന്ന് പത്തുകിലോമീറ്റർ അകലെ പോലും പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തുപറയാനാണ്. കരുത്തുറ്റ ഒരു സർക്കാറിനെയാണ് നമുക്ക് ആവശ്യം. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സ്ഥാനത്ത് തുടരാനുള്ള അവകാശം നഷ്ടമായെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.
വിമർശനങ്ങൾ തള്ളിയ കോൺഗ്രസാകട്ടെ ആളു കുറവായതിനാലാണ് മോദി റാലി ഉപേക്ഷിച്ചതെന്ന് പരിഹസിച്ചു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർത്തി കർഷകവിരുദ്ധ സമീപനം വെടിയുകയാണ് ബി.ജെ.പി ചെയ്യേണ്ടതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിപാടിക്ക് സകല ഒരുക്കങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിരുന്നതാണ്. 10,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. റോഡുവഴി യാത്ര ചെയ്യുന്നത് പദ്ധതിയുടെ ഭാഗമല്ലായിരുന്നു. യഥാർഥത്തിൽ റാലി ഉപേക്ഷിക്കാനുള്ള കാരണം അത് കേൾക്കാൻ ആളില്ലാതിരുന്നു എന്നതാണ്. റാലികൾ നിർത്തിവെക്കൂ. ആദ്യം കർഷകരെ കേൾക്കൂ.- സുർജേവാല സൂചിപ്പിച്ചു. അതിനിടെ, പ്രധാനമന്ത്രിയുടെ വഴി തടയപ്പെട്ടത് നിർഭാഗ്യകരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ജാക്കർ അഭിപ്രായപ്പെട്ടു.
വഴിമുടക്കിയത് ക്രാന്തികാരി; പിന്തുടർന്നത് ബി.ജെ.പി പ്രവർത്തകർ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതിന്റെ ഉത്തരവാദിത്തം പഞ്ചാബിലെ തീവ്ര ഇടതുപക്ഷ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂനിയൻ (ക്രാന്തികാരി) ഏറ്റെടുത്തു. ഇവരുടെ ചുവപ്പും പച്ചയും കലർന്ന പതാക ഏന്തിയായിരുന്നു പ്രധാനമന്ത്രി വരുന്ന ൈഫ്ലഓവറിനടുത്ത് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി മാർഗതടസ്സം തീർത്തത്. അഹങ്കാരിയായ മോദിയെ ഒരു പാഠം പഠിപ്പിച്ചെന്ന് ബി.കെ.യു (ക്രാന്തികാരി) ജനറൽ സെക്രട്ടറി ബൽദേവ് സിറ പറഞ്ഞു. ഡൽഹി അതിർത്തിയിലെ സമരത്തിൽ സംയുക്ത കിസാൻ മോർച്ചയിലുണ്ടായിരുന്ന കർഷക സംഘടനയാണിത്. അതേ സമയം സുരക്ഷവീഴ്ച സംഭവിച്ചുവെന്നതിന്റെ തെളിവായി ൈഫ്ലഓവറിന് മുകളിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിറകിലും മുദ്രാവാക്യവുമായി സമരക്കാർ എത്തിയെന്ന് ബി.ജെ.പി ആരോപിച്ചെങ്കിലും പിറകിൽ വന്നത് ബി.ജെ.പി പ്രവർത്തകർ തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന വിഡിയോ കർഷകർ പുറത്തുവിട്ടു. ബി.ജെ.പി പതാക ഏന്തി നരേന്ദ്ര മോദി സിന്ദാബാദ് എന്ന് ൈഫ്ലഓവറിൽ നിന്ന് ബി.ജെ.പി പ്രവർത്തകർ വിളിക്കുന്നതും അത് ഷൂട്ട് ചെയ്യുന്നവർ പഞ്ചാബി മുർദാബാദ് എന്ന് വിളിക്കുന്നതും വിഡിയോയിൽ വ്യക്തമായി കേൾക്കാം.
തടയാൻ തീരുമാനിച്ചത് ഏഴു സംഘടനകൾ: തീരുമാനം എടുത്തത് ഡിസംബർ 31ന്
ന്യൂഡൽഹി: റാലിക്കെത്തുന്ന പ്രധാനമന്ത്രിക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്തണമെന്നത് ഏഴു കർഷക സംഘടനകൾ സംയുക്തമായി എടുത്ത തീരുമാനമാണെന്ന് ക്രാന്തികാരി കിസാൻ യൂനിയൻ പ്രസ് സെക്രട്ടറി അവ്താർ മെഹ്മ പറഞ്ഞു. ഡിസംബർ 31ന് ബർണാലയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. സംഘടനാശക്തി പരിഗണിച്ച് ഓരോ യൂനിയനുകളും പ്രതിഷേധസമരം നടത്തേണ്ട സ്ഥലങ്ങളും ആ യോഗത്തിൽ നിശ്ചയിച്ചു. ഫിറോസ്പുർ-മോഗ റോഡിലെ പിയാരിയാന ഗ്രാമം ഭാരതീയ കിസാൻ യൂനിയൻ ക്രാന്തികാരി വിഭാഗത്തിന്റെ ശക്തികേന്ദ്രമായിരുന്നതിനാൽ സംഘടനക്കു നൽകി. രാവിലെ 10.30നുതന്നെ അവരുടെ നേതൃത്വത്തിൽ കർഷകർ ആ റോഡ് കൈയടക്കിയിരുന്നു.ഫിറോസ്പുർ ഡി.ഐ.ജി ഇന്ദർബീർ സിങ്ങും എസ്.എസ്.പി ഹർമന്ദീപ് സിങ് ഹൻസിനും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നു. വാഹനവ്യൂഹം കടന്നുവന്നതും സമീപത്തെ ഗുരുദ്വാരയിൽനിന്ന് കൂടുതൽ കർഷകരോട് സമരസ്ഥലത്ത് എത്താൻ അറിയിപ്പും വന്നു. ഇതുകൂടി കേട്ടാണ് മോദിയോട് സുരക്ഷ മുൻനിർത്തി മടങ്ങാൻ എസ്.പി.ജി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.