ഇന്ത്യ ആസിയാൻ സഹകരണം ശക്തിപ്പെടുത്തും- പ്രധാനമന്ത്രി
text_fieldsജകാർത്ത: ഇന്ത്യയും 10 അംഗ ആസിയാൻ രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 12 നിർദേശങ്ങൾ അവതരിപ്പിച്ചു. ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയിൽ ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരം, കണക്ടിവിറ്റി, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിൽ സഹകരണം, ഭീകരവാദം, ഭീകരവാദത്തിന് ധനസഹായം, സൈബർ മേഖലയിലെ തെറ്റായ വിവരങ്ങൾ എന്നിവക്കെതിരെ യോജിച്ച പോരാട്ടം തുടങ്ങിയവയാണ് പ്രധാനമന്ത്രിയുടെ നിർദേശങ്ങളിലുള്ളത്. ആസിയാൻ രാജ്യങ്ങളുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയാറാണെന്ന് ഉച്ചകോടിയിൽ സഹ അധ്യക്ഷനായി പങ്കെടുത്ത പ്രധാനമന്ത്രി പറഞ്ഞു.
21ാം നൂറ്റാണ്ട് ഏഷ്യയുടേതാണ്. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും സാമ്പത്തിക ബന്ധത്തിലും സഹകരണം വർധിപ്പിച്ച് ഡിജിറ്റല്‍ ഭാവിക്കായി ആസിയാന്‍-ഇന്ത്യ ഫണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം പങ്കിടാൻ തയാറാണ്. ദക്ഷിണ ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കൂട്ടായി ഉന്നയിക്കണം. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിൽ ഇന്ത്യയുടെ അനുഭവം പങ്കിടാൻ തയാറാണ്.
ആസിയാന്‍ രാജ്യങ്ങൾ ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യത്തിനുള്ള സഖ്യത്തില്‍ ചേരണം. ദുരന്തനിവാരണത്തില്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, ബ്രൂണെ, വിയറ്റ്നാം, ലാവോസ്, മ്യാന്മർ, കംബോഡിയ എന്നിവയാണ് ആസിയാൻ കൂട്ടായ്മയിലെ അംഗങ്ങൾ.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും ശക്തിപ്പെടുത്താൻ കൂട്ടായ ശ്രമം നടത്തണമെന്ന് പൂർവേഷ്യ ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തെക്കൻ ചൈന കടലിൽ യു.എൻ സമുദ്ര നിയമങ്ങളുടെ മാദണ്ഡങ്ങൾക്കനുസരിച്ച് ഫലപ്രദമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈനയുടെ പുതിയ ഭൂപടത്തിൽ ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതിൽ രാജ്യം കടുത്ത പ്രതിഷേധം അറിയിച്ചതിനുപിന്നാലെ മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും രൂക്ഷമായി പ്രതികരിച്ചിരുന്നു. ചൈനയുടെ അധിനിവേശ നിലപാടിനെയാണ് പ്രധാനമന്ത്രി പരോക്ഷമായി പരാമർശിച്ചത്.
ആസിയാൻ രാജ്യങ്ങളെ കൂടാതെ ഇന്ത്യ,ചൈന,ജപ്പാൻ, തെക്കൻ കൊറിയ, ആസ്ട്രേലിയ, ന്യൂസിലൻഡ്, അമേരിക്ക, റഷ്യ എന്നിവയാണ് പൂർവേഷ്യ ഉച്ചകോടിയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.