കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ മോദി ചിത്രം തെരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് തൃണമൂൽ
text_fieldsകൊൽക്കത്ത: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് േകന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പേരിൽ നൽകുന്ന പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് തൃണമൂൽ കോൺഗ്രസ്. സ്വന്തം ചിത്രം പതിക്കുക വഴി അധികാര ദുർവിനിയോഗം മാത്രമല്ല, കോവിഡ് രക്ഷാ ദൗത്യത്തിൽ പങ്കാളികളായ മെഡിക്കൽ രംഗത്തുള്ളവരുടെയും മരുന്ന് വികസിപ്പിച്ച വിദഗ്ധരുടെയും ക്രെഡിറ്റ് തട്ടിയെടുക്കുകയാണെന്നും രാജ്യസഭയിലെ തൃണമൂൽ നേതാവ് ഡെറക് ഒബ്രിയൻ കുറ്റപ്പെടുത്തി.
നികുതി ദായകന്‍റെ ചെലവിൽ തെരഞ്ഞെടുപ്പിനിടെ അനാവശ്യ പ്രചാര വേലകൾ നടത്തുന്നത് ചട്ട ലംഘനമാണെന്നും തടയണമെന്നും തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിൽ തൃണമൂൽ ആവശ്യപ്പെട്ടു.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെതായി നൽകുന്ന സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രവും സന്ദേശവും ഏറെയായി നിലവിലുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. പ്രാഥമിക ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുൾപെടെയു്ളളവർക്ക് ഇത് നൽകിയിരുന്നതായാണ് സൂചന.
ഫെബ്രുവരി 26നാണ് കേരളം, ആസാം, പശ്ചിമ ബംഗാൾ, കേരള, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിൽ തൃണമൂൽ ഭരിക്കുന്ന പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരം പിടിക്കാൻ ശക്തമായ ശ്രമങ്ങൾ തുടരുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഈ നടപടിയുമെന്ന് തൃണമൂൽ കുറ്റപ്പെടുത്തുന്നു.
ഡെറക് ഒബ്രിയൻ നൽകിയ കത്തിലെ വരികൾ ഇങ്ങനെ: ''തെരഞ്ഞെടുപ്പ് നടത്തിപ്പിനിടെ നികുതി ദായകരുടെ ചെലവിൽ പ്രധാനമന്ത്രി അവിഹിത നേട്ടമുണ്ടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. പെരുമാറ്റച്ചട്ടം പാർട്ട് ഏഴിലെ വകുപ്പിന്‍റെ ലംഘനമാണിത്. കേന്ദ്രത്തിലോ സംസ്ഥാനത്തോ അധികാരത്തിലിരിക്കുന്ന ഒരു കക്ഷിയും ഔദ്യോഗിക പദവി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം നടത്തിയെന്ന പരാതിക്കിടയാക്കുന്ന ഒന്നും ചെയ്യരുത്....''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.