‘വയലൻസ് കാലത്ത് സൈലന്റായ ഗാന്ധി..’; കവിതയുമായി വിദ്യാർഥി, കൈയടിച്ച് സമ്മാനം കൊടുത്ത് ബി.ജെ.പി എം.എൽ.എ
text_fieldsഭോപ്പാൽ: മഹാത്മാഗാന്ധിയെ വിമർശിച്ച് ഒരു സ്കൂൾ വിദ്യാർഥി ചൊല്ലിയ കവിത മധ്യപ്രദേശിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സിയോണിയുടെ സി.എം റൈസ് സ്കൂളിൽ നടന്ന ഒരു പരിപാടിയിൽ വിദ്യാർഥി ചൊല്ലിയ കവിതയാണ് വിവാദമായിരിക്കുന്നത്. ‘‘അക്രമത്തിന്റെ കാലഘട്ടത്തിൽ" മഹാത്മാവ് നിശബ്ദനായിരുന്നു...നമ്മൾ പഠിപ്പിച്ചതുപോലെ നൂൽ നൂൽക്കുന്ന ചക്രം മാത്രമേ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തുള്ളൂവെങ്കിൽ, രാജ്യത്തിനായി തൂക്കുമരത്തിലേക്ക് പോയവർ ആരാണ്...’’ -കവിത ചോദ്യം ചെയ്യുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മധ്യപ്രദേശ് ബി.ജെ.പി സർക്കാരിന്റെ വികാസ് യാത്രയുടെ ഭാഗമായി ഫെബ്രുവരി അഞ്ചിന് നടന്ന പരിപാടിയിലാണ് കുട്ടി ഗാന്ധിവിരുദ്ധ കവിത അവതരിപ്പിച്ചത്. കവിത കേട്ട ബി.ജെ.പി എം.എൽ.എ ദിനേഷ് റായ് കുട്ടിയെ അഭിന്ധിക്കുകയും കൈയടിക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
"മഹാത്മാഗാന്ധിയെ പരിഹസിക്കുന്നത് പൊറുക്കാനാവില്ല. ബി.ജെ.പി.ക്കും ആർ.എസ്.എസിനും ഗാന്ധിജിയോട് ഒരു ബഹുമാനവും ഇല്ലെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ രാജ് കുമാർ ഖുറാന പറഞ്ഞു. തെറ്റ് വിദ്യാർഥിയുടേതല്ലെന്നും ആ കവിത ചൊല്ലാൻ പഠിപ്പിച്ചവരുടേതാണെന്നും അദ്ദേഹം പറഞ്ഞു. "ബി.ജെ.പി എം.എൽ.എക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ഈ വിഷയത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കാരണം എം.എൽ.എ കുട്ടിയെ പ്രശംസിക്കുകയും കവിതക്ക് പ്രതിഫലം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതായി വീഡിയോ വ്യക്തമായി കാണിക്കുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടി ചൊല്ലിയ കവിത ഗൗരവമായി കാണേണ്ടതില്ലെന്ന് ദിനേശ് റായ് പറഞ്ഞു. ഒരു കൊച്ചുകുട്ടി ചൊല്ലിയ കവിതയുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നതിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥിക്ക് കവിത നൽകിയ അധ്യാപകന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും പ്രിൻസിപ്പലിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥിയെ കൊണ്ടുവന്ന അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇതിഹാസ വ്യക്തികളെക്കുറിച്ച് ആക്ഷേപകരമോ അനാദരവോ ഒന്നും സംസാരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജില്ലയിലെ എല്ലാ സ്കൂൾ പ്രിൻസിപ്പൾമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. കെ പട്ടേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.