പ്രസംഗത്തിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ല, വിശദീകരണവുമായി ഉവൈസി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉത്തർപ്രദേശിൽ പൊലീസുകാരെ താൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന് മറുപടി നൽകി എ.ഐ.എം.ഐ.എം നേതാവ് അസദുദീൻ ഉവൈസി. കാൺപൂരിൽ വെച്ച് നടത്തിയ പ്രസംഗം വൈറലായതോടെയാണ് വിശദീകരണവുമായി ഉവൈസി എത്തിയത്.
'യോഗി എല്ലായ്പോഴും മുഖ്യമന്ത്രിയായിരിക്കില്ലെന്ന് ഓർമയുണ്ടായിരിക്കുന്നത് നല്ലതാണ്. മോദി എല്ലായ്പോഴും പ്രധാനമന്ത്രി ആയിരിക്കില്ല. നമ്മൾ മുസ്ലിംകൾ നിങ്ങളുടെ അനീതി മറക്കുകയില്ല. അല്ലാഹു അദ്ദേഹത്തിന്‍റെ ശക്തിയാൽ നിങ്ങളെ നശിപ്പിക്കും. കാര്യങ്ങൾ മാറിവരും. അപ്പോൾ ആരാണ് നിങ്ങളുടെ രക്ഷക്കെത്തുക? യോഗി തന്‍റെ മഠത്തിലേക്കും മോദി പർവതങ്ങളിലേക്കും പോയാൽ പിന്നെ ആരും വരും?' പ്രചരിപ്പിക്കപ്പെടുന്ന പ്രസംഗത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളാണിത്.
യു.പിയിൽ മുസ്ലിംകൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞാണ് താൻ പ്രസംഗിച്ചതെന്ന് ഉവൈസി പറഞ്ഞു. എന്നാൽ തന്‍റെ പ്രസംഗത്തിലെ പ്രധാനപ്പെട്ട ഭാഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഉവൈസി വിശദീകരിച്ചു. ഒരു മിനിറ്റുള്ള വിഡിയോ 45 സെക്കന്‍റ് ആക്കി ചുരുക്കിയായിരുന്നു പ്രചരിപ്പിച്ചത്. താൻ നടത്തിയ പ്രസംഗത്തിന്‍റെ പൂർണരൂപം ട്വിറ്ററിലൂടെ ഉവൈസി പങ്കുവെച്ചിട്ടുണ്ട്.
ഹരിദ്വാറിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.