'സാമ്പത്തിക സഹായം ഭർത്താവിന്‍റെ ബന്ധുക്കൾ ദുരുപയോഗം ചെയ്തു'; ജീവന് ഭീഷണിയെന്ന് പുൽവാമ രക്തസാക്ഷിയുടെ ഭാര്യ
text_fieldsജയ്പൂർ: തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ബന്ധുക്കൾ അഞ്ച് കോടി രൂപ പിൻവലിച്ചെന്ന് പരാതിയുമായി പുൽവാമ രക്തസാക്ഷിയുടെ ഭാര്യ. പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച രോഹിതാഷ് ലാംബയുടെ ഭാര്യ മഞ്ചു ലാംബയാണ് ഹർമാര പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്. ഭർതൃസഹോദരൻ ജിതേന്ദ്ര ലാംബക്കും മറ്റ് ബന്ധുക്കൾക്കും എതിരെയാണ് പരാതി.
ഭർത്താവിന്‍റെ മരണശേഷം, തനിക്ക് നൽകാനുള്ള സാമ്പത്തിക സഹായം ബന്ധുക്കൾ ദുരുപയോഗം ചെയ്തു. ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും മഞ്ചു പരാതിയിൽ ആരോപിക്കുന്നു.
2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണത്തിന് ശേഷം രണ്ട് മാസം പ്രായമുള്ള മകനൊപ്പം താൻ തനിച്ചായെന്നും മഞ്ചു പരാതിയിൽ പറയുന്നു. സി.ആർ.പി.എഫ്, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, വിവിധ ട്രസ്റ്റുകൾ, ഫൗണ്ടേഷനുകൾ എന്നിവയിൽ നിന്ന് അഞ്ച് കോടി രൂപ സാമ്പത്തിക സഹായം ലഭിച്ചു. 2019 മുതൽ 2022 വരെ, ശൂന്യമായ ചെക്കുകളിൽ ഒപ്പിടാൻ ബന്ധുക്കൾ തന്നെ നിർബന്ധിക്കുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് എല്ലാ പണവും പിൻവലിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
ഇടപാട് അലേർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും തന്‍റെ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ബന്ധുക്കൾ മാറ്റിയെന്നും മഞ്ചു ലാംബ ആരോപിച്ചു. നോമിനിയുടെ വിവരങ്ങളിൽ മാറ്റം വരുത്തുകയും സമ്മതമില്ലാതെ അക്കൗണ്ടുകളുടെ നിയന്ത്രണം കൈമാറ്റം ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു.
അതേസമയം, ഭർത്താവിന്‍റെ മരണശേഷം മഞ്ചു മാറിതാമസിക്കുകയാമെന്നും കുടുംബവുമായി വഴക്കിടാറുണ്ടെന്നും ജിതേന്ദ്ര ലാംബ വാദിച്ചു. പുനർവിവാഹത്തിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു മഞ്ചുവിന്‍റെ യഥാർഥ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്വേഷണം തുടരണമെന്നും താനും മാതാപിതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നും ജിതേന്ദ്ര ലാംബ പറയുന്നു.
ഗുരുതരമായ കേസാണെന്നും പരാതി എഫ്.ഐ.ആറായി മാറ്റിയെന്നതൊഴിച്ച് ഈ ഘട്ടത്തിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.