പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; സിദ്ദു രാജിവെച്ചു, പിന്തുണച്ച് രണ്ടു മന്ത്രിമാരുടെയും രാജി
text_fieldsന്യൂഡൽഹി: 10 ദിവസം മുമ്പു മാത്രം പൊളിച്ചു പണിത പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ക്യാപ്ടൻ അമരീന്ദർ സിങ്ങിനെ മാറ്റണമെന്ന വാശി സാധിച്ചെടുത്തതിനു പിന്നാലെ പി.സി.സി അധ്യക്ഷൻ നവജോത്സിങ് സിദ്ദു രാജിവെച്ചു.
അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടു മന്ത്രിമാരും രാജിവെച്ചു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട അമരീന്ദർ പാർട്ടിമാറ്റത്തിെൻറ സൂചന നൽകി ഡൽഹിയിൽ. ബി.ജെ.പിയിലേക്കാണ് അദ്ദേഹത്തിെൻറ യാത്രയെന്ന് അഭ്യൂഹം.
ചരൺജിത്സിങ് ചന്നി മുഖ്യമന്ത്രിയാണെങ്കിലും സൂപ്പർ മുഖ്യമന്ത്രി സിദ്ദുവാണെന്ന പ്രതീതിയാണ് അമരീന്ദറിെൻറ മാറ്റത്തിലൂടെ ഉണ്ടായതെങ്കിലും, ചില മന്ത്രിമാരുടെയും നിയമനങ്ങളുടെയും കാര്യത്തിലുള്ള എതിർപ്പ് മൂലമാണ് സിദ്ദുവിെൻറ രാജി. സിദ്ദുവിനെ പിന്തുണച്ച് അമരീന്ദറെ മാറ്റിയ കോൺഗ്രസ് ഹൈകമാൻഡാണ് വെട്ടിലായത്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു നൽകിയ രാജിക്കത്ത് നെഹൃകുടുംബത്തെയും മുതിർന്ന പാർട്ടി നേതാക്കളെയും അമ്പരപ്പിച്ചു കളഞ്ഞു. പഞ്ചാബിെൻറ ഭാവി സംബന്ധിച്ച കാര്യങ്ങളിൽ വിട്ടുവീഴ്ച പറ്റില്ലെന്ന വിശദീകരണത്തോടെയാണ് സിദ്ദുവിെൻറ രാജിക്കത്ത്.
രാജിക്കത്ത് ഹൈകമാൻഡ് അംഗീകരിച്ചിട്ടില്ല. കോൺഗ്രസിൽ തുടരുമെന്ന് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെ, ഹൈകമാൻഡിന് തക്ക മറുപടിയുമായി അമരീന്ദർ ട്വിറ്റർ കുറിപ്പ് ഇറക്കി. 'സ്ഥിരതയില്ലാത്ത അയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് നിങ്ങളോട് ഞാൻ പണ്ടേ പറഞ്ഞതാ'ണെന്ന് അമരീന്ദർ ഓർമിപ്പിച്ചു.
എന്നാൽ അമരീന്ദറുടെ യാത്ര ബി.ജെ.പിയിലേക്കാണെന്നതിന് ഇനിയും സ്ഥിരീകരണമായിട്ടില്ല. സിദ്ദുവിെൻറ രാജിക്കു പിന്നാലെ മുഖ്യമന്ത്രി ചരൺജിത്സിങ് ചന്നി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. അതിനിടയിലാണ് സിദ്ദുവിനെ പിന്തുണച്ച് റസിയ സുൽത്താന, പർഗത്സിങ് എന്നിവർ മന്ത്രിസഭയിൽ നിന്ന് രാജി വെച്ചത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ നാലു മാസം മാത്രം ബാക്കിനിൽക്കേയാണ് കോൺഗ്രസിലെ പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.