'ഇന്ധന ടാങ്കുകൾ വേഗം നിറച്ചോളൂ!': മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പ് തിങ്കളാഴ്ച അവസാനിക്കുന്നതോടെ രാജ്യത്ത് എണ്ണവില കുത്തനെ കൂട്ടുമെന്ന അഭ്യൂഹം നിലനിൽക്കെ കേന്ദ്രസർക്കാറിനെ കണക്കിന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളോട് ഇന്ധന ടാങ്കുകൾ വേഗത്തിൽ നിറയ്ക്കാൻ ഉപദേശിച്ച അദ്ദേഹം മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പുകാല ഓഫർ അവസാനിക്കുകയാണെന്ന് ട്വീറ്റിൽ മുന്നറിയിപ്പ് നൽകി.
'നിങ്ങളുടെ ടാങ്കുകൾ വേഗം നിറച്ചോളൂ, മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോകുകയാണ്' -അദ്ദേഹം ട്വീറ്റ് ചെയ്തു. പൊതുമേഖലാ എണ്ണക്കമ്പനികൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെട്രോൾ, ഡീസൽ വില വർധനവ് മരവിപ്പിച്ചിരുന്നു. തിങ്കളാഴ്ച വോട്ടെടുപ്പ് കഴിയുമ്പോൾ വില വീണ്ടും വർധിപ്പിക്കാൻ സാധ്യതയുണ്ട്.
യുക്രെയ്‌ൻ അധിനിവേശവും ഉപരോധവും കാരണം റഷ്യയിൽ നിന്നുള്ള ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ഭയത്താൽ 2014ന് ശേഷം അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ആദ്യമായി ബാരലിന് 110 ഡോളറിന് മുകളിൽ എത്തിയിരുന്നു.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) കണക്കമനുസരിച്ച്, മാർച്ച് 1ന് ഇന്ത്യ ക്രൂഡ് ഓയിൽ ബാരലിന് 102 ഡോളർ നൽകിയാണ് വാങ്ങിയത്. 2014 ആഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പെട്രോളിലും ഡീസലിലും പ്രതിദിന വർധന പുനരാരംഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.