‘വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ കട തുറക്കുന്നു’; ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ ബി.ജെ.പിയെ കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലൂടെ വെറുപ്പിന്‍റെ വിപണിയിൽ കോൺഗ്രസ് സ്നേഹത്തിന്‍റെ കട തുറന്നെന്ന് രാഹുൽ പറഞ്ഞു.
ബുധനാഴ്ച രാവിലെ യാത്ര ഹരിയാനയിൽ പ്രവേശിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇക്കൂട്ടർ (ബി.ജെ.പി) ഇന്ത്യയിൽ വിദ്വേഷം പരത്താൻ ഇറങ്ങുമ്പോൾ നമ്മുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ സ്‌നേഹവും വാത്സല്യവും പ്രചരിപ്പിക്കാൻ ഇറങ്ങുന്നു. ഇന്നത്തെകാലത്ത് കോൺഗ്രസ്, ബി.ജെ.പി, സമാജ്‌വാദി പാർട്ടി നേതാക്കൾ, പൊതുസമൂഹം എന്നിവർക്കിടയിൽ വലിയ അന്തരമുണ്ട്. പൊതുജനങ്ങളെ കേൾക്കേണ്ടതില്ലെന്നും മണിക്കൂറുകളോളം പ്രസംഗിക്കേണ്ടതില്ലെന്നുമാണ് നേതാക്കൾ ചിന്തിക്കുന്നത്. ഈ യാത്രയിൽ ഇത് മാറ്റാനാണ് ഞങ്ങൾ ശ്രമിച്ചത്’ -രാഹുൽ പറഞ്ഞു.
പതാക കൈമാറൽ ചടങ്ങിന് ശേഷം ബുധനാഴ്ച ഹരിയാനയിലെ പത്താൻ ഉദയ്പുരിൽനിന്നാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര കഴിഞ്ഞ വെള്ളിയാഴ്ച നൂറു ദിനം പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.