'ക്ഷമയും മറ്റുള്ളവരെ കേൾക്കാനുള്ള കഴിവും വർധിച്ചു'; ഭാരത് ജോഡോ യാത്ര തന്നിൽ മാറ്റമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി
text_fieldsഭോപ്പാൽ: ഭാരത് ജോഡോ യാത്ര തന്‍റെ വ്യക്തിത്വത്തിൽ മാറ്റമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി. ക്ഷമയും മറ്റുള്ളവരെ കേൾക്കാനുള്ള കഴിവും വർധിച്ചതായും അദ്ദേഹം പറഞ്ഞു. ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യാത്ര കാരണം എന്‍റെ ക്ഷമ വർധിച്ചിട്ടുണ്ട്. നേരത്തെ, ഞാൻ പെട്ടെന്നുതന്നെ അസ്വസ്ഥനാകുമായിരുന്നു. മറ്റുള്ളവരെ കേൾക്കാനുള്ള കഴിവും ഇപ്പോൾ കൂടിയിട്ടുണ്ട്. ആരെങ്കിലും എന്റെ അടുത്ത് വന്നാൽ, ഞാൻ അവരെ കൂടുതൽ കേൾക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം വളരെ പ്രയോജനകരമാണെന്ന് തോന്നുന്നു' -രാഹുൽ ഗാന്ധി പറഞ്ഞു.
പദയാത്ര തുടങ്ങിയ സമയത്ത് മുമ്പുണ്ടായ പരിക്ക് കാരണം കാൽമുട്ടുകൾക്ക് വേദനയുണ്ടായിരുന്നെന്നും ഈ അവസ്ഥയിൽ യാത്രതുടരാൻ കഴിയുമോ എന്ന് ഭയപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ക്രമേണ ആ ഭയത്തെ താൻ അഭിമുഖീകരിച്ചുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഭാരത്ജോഡോ യാത്രയിലെ സംതൃപ്തി നൽകിയ നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് പദയാത്രക്കിടെ ഒരു കൊച്ചുപെൺകുട്ടി വന്ന് താങ്കൾ ഒറ്റക്കാണ് നടക്കുന്നതെന്ന് കരുതരുതെന്നും ഞാൻ നിങ്ങളുടെ കൂടെ നടക്കുന്നുണ്ടെന്നും എഴുതിയ കുറിപ്പ് സമ്മാനിച്ചത് രാഹുൽഗാന്ധി ഓർത്തെടുത്തു.
ഞാറയറാഴ്ചയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ പദയാത്രയെത്തിയത്. സെപ്റ്റംബർ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോയാത്ര യാത്ര ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.